News - 2024
ആഗോള സിനഡിന് ഇന്നു സമാപനമാകും
പ്രവാചകശബ്ദം 27-10-2024 - Sunday
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡ് ഇന്നു സമാപിക്കും. ഇന്നു രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയായിരിക്കും സിനഡ് സമാപിക്കുക. 2021 ഒക്ടോബറിൽ മാർപാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇതോടെ ഔദ്യോഗികമായി വിരാമമാകും.
സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. കഴിഞ്ഞ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ 2023 ഒക്ടോബര്‍ 4 മുതല്‍ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഒക്ടോബര്‍ 29നാണ് സമാപിച്ചത്.