News - 2024

ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാര്‍ത്ഥനയ്ക്കു അനുമതി വേണം; യുകെ പ്രധാനമന്ത്രിയ്ക്കു മുന്നില്‍ 60,000 പേരുടെ നിവേദനം

പ്രവാചകശബ്ദം 29-10-2024 - Tuesday

ലണ്ടന്‍: അനേകം കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പതിനായിരങ്ങളുടെ നിവേദനം. മൗനപ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവകാശം സംരക്ഷിക്കാൻ യുകെയുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഏകദേശം 60,000 ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. നിശബ്ദ പ്രാർത്ഥനയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിൽ നിന്ന് ഭരണകൂടം മാറി നില്‍ക്കണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനോട് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഭ്രൂണഹത്യ ക്ലിനിക്കുകൾക്ക് പുറത്തുള്ള പ്രാര്‍ത്ഥന, പ്രോലൈഫ് പ്രകടനങ്ങൾ എന്നിവ നിരോധിക്കുന്നതിലേക്ക് നയിക്കുന്ന "ബഫർ സോണ്‍" നിയമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സംഘടനയായ "അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം" നിവേദനവുമായി രംഗത്തു വന്നിരിക്കുന്നത്. പബ്ലിക് സ്പേസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് എന്നും അറിയപ്പെടുന്ന ബഫർ സോൺ നിയമങ്ങൾ ചിന്തയും സംസാരവും നിയന്ത്രിക്കുന്ന 'സെൻസർഷിപ്പ് സോണുകളായി' മാറിയെന്ന് നിവേദനത്തില്‍ പരാമര്‍ശമുണ്ട്.

ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ചതിന് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട സൈനികൻ ആദം സ്മിത്ത്-കോണറിൻ്റെ സംഭവക്കഥ എഡിഎഫ് യുകെയുടെ കത്തിൽ പരാമര്‍ശിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രോസിക്യൂഷൻ ചെലവ് അടക്കം $12,000 നൽകണമെന്ന് കോടതി വിധിച്ചിരിന്നു. ഭ്രൂണഹത്യ കേന്ദ്രത്തിന് സമീപം ബഫര്‍ സോണ്‍ പരിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ പിഴ കൂടാതെ ആറ് മാസം വരെ തടവും ലഭിക്കുന്ന കുറ്റമായാണ് അധികൃതര്‍ നിയമമാക്കിയിരിക്കുന്നത്. ഇതിനെ അപലപിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതിയും നേരത്തെ രംഗത്തുവന്നിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »