News - 2024

പ്രസ്റ്റണ്‍ രൂപതക്കു വേണ്ടി എല്ലാ വിശ്വാസികളോടും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്വന്തം ലേഖകന്‍ 30-08-2016 - Tuesday

യൂറോപ്പിലെ ആദ്യത്തെ സീറോമലബാര്‍ രൂപതയായ പ്രസ്റ്റണ്‍ രൂപതക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് നിയുക്ത മെത്രാന്‍ ‍മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും, പ്രത്യേകിച്ച് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ തങ്ങളുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകളിലും, കുടുംബ പ്രാര്‍ത്ഥനകളിലും, പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും, വിശുദ്ധ കുര്‍ബ്ബാനയിലും പ്രസ്റ്റണ്‍ രൂപതയെ പ്രത്യേകം ഓര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

സഭ യേശുക്രിസ്തുവിനോടും, യേശുക്രിസ്തു പിതാവിനോടും എന്നപോലെ വിശ്വാസികള്‍ ഓരോരുത്തരും അവരുടെ മേത്രാനോട് ചേര്‍ന്ന് നില്‍ക്കണം എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു (II Vatican Council, Lumen Gentium). അതിനാല്‍ ബ്രിട്ടനിലെ ഓരോ സീറോ മലബാര്‍ വിശ്വാസിക്കും തങ്ങളുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കലിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കടമയുണ്ട്.

ഒക്ടോബര്‍ 9-നു നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍, യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഒരു പുത്തന്‍ കൊടുങ്കാറ്റിനു തുടക്കമിടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും രൂപതയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി താഴെ കൊടുത്തിരിക്കുന്ന നിയോഗങ്ങള്‍ പ്രത്യേകം എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് ഉചിതമായിരിക്കും.

1. നിയുക്ത മെത്രാന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ കൂടുതലായി പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തോടും സ്വര്‍ഗ്ഗീയ ജ്ഞാനത്താലും നിറയപ്പെടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.

2. ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ക്ക് പ്രസ്റ്റണ്‍ രൂപതയെയും നിയുക്ത മെത്രാനെയും കൂടുതലായി സ്നേഹിക്കുന്നതിനുള്ള കൃപാവരം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം.

3. ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്ന സ്ഥലവും, കത്തീഡ്രല്‍ പള്ളിയും പരിസരങ്ങളും ക്രിസ്തുവിന്റെ തിരുരക്തത്താല്‍ സംരക്ഷിക്കപ്പെടുന്നതിനും, കോടാനുകോടി കാവല്‍മാലാഖമാരെ ദൈവം കാവലിനായി അവിടേക്ക് അയക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാം.

4. ഈ ചടങ്ങിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തികളെയും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളേയും ഈശോയുടെ തിരുഹൃദയത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രത്യേക സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കാം.

5. ഈ ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്യുന്ന ഓരോ കമ്മറ്റി അംഗങ്ങളും ജ്ഞാനത്താല്‍ നിറഞ്ഞ് ഓരോ ക്രമീകരണങ്ങളും ചെയ്യുന്നതിനാവശ്യമായ കൃപക്കായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.

6. ഈ ചടങ്ങിലെ സ്റ്റേജിന്‍റെ ക്രമീകരണങ്ങള്‍, ശബ്ദ സംവിധാനങ്ങളുടെയും മറ്റു സാങ്കേതിക വിദ്യയുടെയും ക്രമീകരണങ്ങള്‍, കാര്‍ പാര്‍ക്കിംഗിന്‍റെ ക്രമീകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി, ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ എല്ലാ ക്രമീകരണങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്‌ പ്രത്യേകം പ്രാര്‍ത്ഥിക്കാം.

7. പ്രസ്റ്റണ്‍ രൂപതയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പരിശുദ്ധാത്മാവിന്‍റെ വലിയ ഇടപെടലുകളും പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും മദ്ധ്യസ്ഥവും സകല വിശുദ്ധരുടെ പ്രാര്‍ത്ഥനകളും മാലാഖമാരുടെ സംരക്ഷണവും ഉണ്ടാകുവാന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം.

പ്രസ്റ്റണിൽ ഇരുപത്തിനാലു മണിക്കൂർ ആരാധന

ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളുടെ വിജയത്തിനായി പ്രസ്റ്റണിൽ ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് പ്രസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനിയാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടെ അവസാനിക്കും. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹത്തിനു നന്ദി പറയുവാനും, രൂപത സ്ഥാപനവും, മെത്രാഭിഷേക ശുശ്രൂഷകളും ഏറ്റവും മനോഹരമായി നടക്കുവാനും വേണ്ട ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ആരാധന യജ്ഞത്തിന് കാർമികത്വം വഹിക്കുന്നത് വികാരി റെവ. ഡോ മാത്യു ചൂരപൊയ്കയിൽ ആണ്.

പ്രസ്റ്റണിലെ സീറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രസ്റ്റൺ രൂപതയിൽപെട്ട ബ്ലാക്ക്പൂൾ, പ്രസ്റ്റൺ ഇടവകകളിലെ കുടുംബ യൂണിറ്റുകൾ, പ്രാർഥന കൂട്ടായ്മകൾ, സൺ‌ഡേ സ്‌കൂൾ, പാരിഷ് കൗൺസിൽ എന്നിവ യുടെ സംയുക്ത നേതൃത്വത്തിൽ ആണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്.

നാൽപ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥന

മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നാൽപ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥന സോഷ്യൽ മീഡിയയിലൂടെ പ്രവാചക ശബ്ദം ഒരുക്കുന്നു. ഓഗസ്റ്റ് 31നു ആരംഭിച്ച് ഒക്ടോബർ 9നു സമാപിക്കുന്ന ഈ പ്രാർത്ഥനകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ പ്രവാചക ശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുചേരും. ഓരോ ദിവസവും ഓരോ പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കലിനു വേണ്ടിയും പ്രസ്റ്റണ്‍ രൂപതക്കു വേണ്ടിയും നടത്തപ്പെടുന്ന ഈ പ്രാർത്ഥനകളിൽ നിങ്ങൾക്കും പ്രവാചക ശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുചേരാം.