News

ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്ഫോടനം; കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 05-11-2024 - Tuesday

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് മിനിറ്റുകൾക്ക് മുമ്പ്, ഉണ്ടായ സ്ഫോടനത്തില്‍ 6,500 അടി ഉയരത്തിൽ വരെ ചൂടു ചാരവും മറ്റും ഉയര്‍ന്നതായും ദുരന്തത്തില്‍ ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വുലാങ്കിതാങ്ങിലെ ബോറുവിലെ പ്രാദേശിക സന്യാസ മഠത്തിന്റെ മദര്‍ സുപ്പീരിയറായിരിന്ന സിസ്റ്റർ നിക്കോലിൻ പാഡ്ജോയാണ് സ്‌ഫോടനത്തിൽ മരിച്ച സന്യാസിനി. മിഷ്ണറി ഹോളി സ്പിരിറ്റ് സന്യാസ സമൂഹാംഗമാണ് സിസ്റ്റര്‍ പാഡ്‌ജോ. അഗ്നിപർവ്വത സ്ഫോടനത്തില്‍ മറ്റ് സന്യാസിനികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു സന്യാസിനിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വുലാങ്കിതാങ് ജില്ലയിലെ ഹോകെങ്ങിലെ സാൻ ഡൊമിംഗോ മൈനർ സെമിനാരിയ്ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സെമിനാരിയിൽ താമസിച്ചിരുന്ന 14 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഫ്ലോറസ് ദീപിലെ 2 ദശലക്ഷം ജനങ്ങളില്‍ 70% കത്തോലിക്കരാണ്. 2,700-ലധികം കത്തോലിക്കാ ദേവാലയങ്ങളാണു ഇവിടെയുള്ളത്.

അതേസമയം ജില്ലയിലെ 6 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ ജനം പ്രാണരക്ഷാർഥം പലായനം ചെയ്തു. അഗ്നിപർവത സ്ഫോടന സൂചനകൾ കണ്ടതനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്ന് 6500 പേരെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് വെസ്റ്റ‌് സുമാത്ര പ്രവിശ്യയിലെ മൗണ്ട് മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. മൗണ്ട് മറാപിയിൽ നിന്നൊഴുകിയ തണുത്ത ലാവയും കനത്ത മഴയും മേയിൽ 60 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്തോനീഷ്യയിൽ സജീവമായ 120 അഗ്നിപർവതങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1018