News - 2024
ജ്ഞാനപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ട്രംപിനു സാധിക്കട്ടെ: ആശംസയുമായി വത്തിക്കാന്‍
പ്രവാചകശബ്ദം 08-11-2024 - Friday
വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ നാല്പത്തിയേഴാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനു ജ്ഞാനപൂർണ്ണവും, വിവേചനപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കട്ടെ എന്ന ആശംസയുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നടന്ന സമ്മേളനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലെയും, ലോകം മുഴുവനിലെയും ധ്രുവീകരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാവർക്കും സ്വീകാര്യനായ ഒരു ഭരണാധികാരിയാകുവാനും സമാധാനത്തിൻ്റെയും ഘടകമാകാനും ട്രംപിനു സാധിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
"ഞാൻ യുദ്ധങ്ങൾ ആരംഭിക്കില്ല, മറിച്ച് അവയെ ഇല്ലായ്മ ചെയ്യും" എന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞ വാക്കുകളും കർദ്ദിനാൾ അനുസ്മരിച്ചു. ഈ വാക്കുകൾ യാഥാർഥ്യമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. കുടിയേറ്റക്കാരോടുള്ള വിവേകപൂർണ്ണമായ നയത്തിനു ഊന്നൽ നൽകിക്കൊണ്ട്, മാനുഷികപരമായ രീതിയിൽ കാര്യങ്ങൾ പരിഹരിക്കുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജീവൻ്റെ പ്രതിരോധം പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്നിരിക്കെ, ട്രംപ് ഉറപ്പുനൽകിയ ഈ ജീവന്റെ പ്രതിരോധം അദ്ദേഹത്തിൻ്റെ അധികാരകാലത്ത് നടപ്പിലാക്കപ്പെടുമെന്നു പ്രതീക്ഷിക്കാമെന്നും കർദ്ദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു. വത്തിക്കാനും, അമേരിക്കയും തമ്മിലുള്ള ബന്ധം ഇനിയും ഊഷ്മളമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2016– 2020 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് 78–ാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്. മുന്‍പ് പ്രസിഡന്റായിരിന്നപ്പോള്‍ ശക്തമായ പ്രോലൈഫ് സമീപനം സ്വീകരിച്ച ഡൊണാള്‍ഡ് ട്രംപ് ഇത്തവണ വിഷയത്തില്‍ അയവു വരുത്തിയത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭ്രൂണഹത്യയ്ക്കു ദേശീയ നിരോധനം ഏർപ്പെടുത്തിയില്ലെന്നു ഡൊണാൾഡ് ട്രംപ് പറഞ്ഞിരിന്നു. ഡെമോക്രാറ്റുകളെ അപേക്ഷിച്ച് ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു പൊതുവേ സ്വീകാര്യതയാണുള്ളത്.