India - 2025
കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകം
പ്രവാചകശബ്ദം 09-11-2024 - Saturday
ന്യൂഡൽഹി: എയ്‌ഡഡ് സ്‌കുളുകളിൽ അധ്യാപകരായി ജോലിചെയ്യുന്ന കത്തോലിക്ക സഭയിലെ കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും വരുമാനത്തിൽനിന്ന് ആദായ നികുതി പിടിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
വൈദികരും കന്യാസ്ത്രീകളും ദാരിദ്രവതം എടുക്കുന്നതിനാൽ അവർക്കു ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവൻ്റുകളിലോ നൽകുകയാണു ചെയ്യുന്നതെന്നും അതിനാൽ അവർ വ്യക്തിപരമായി ശമ്പളം സ്വീകരിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരിന്നു. ജോലി ചെയ്യുന്നതും ശമ്പളം വാങ്ങുന്നതുമായ ഏതൊരു വ്യക്തിയും നികുതിയ്ക്കു വിധേയരായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം അവർക്കല്ലെന്നും രൂപതയ്ക്കു മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആദായനികുതിക്കു വിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചാണു വിധിച്ചത്. ഇതിനെതിരേ ആദായനികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ വിധി റദ്ദ് ചെയ്തു. ഇതു ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.