India - 2025

ക്രൈസ്തവർ നികുതി അടയ്ക്കുന്നില്ലെന്നു വ്യാജ പരാതി; കിട്ടിയപാടേ അന്വേഷിക്കാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്

ദീപിക 20-02-2025 - Thursday

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിചിത്ര സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ച സർക്കുലറാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേ ശി കെ. അബ്ദുൾ കലാം നല്‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തികച്ചും നിരുത്തരാപാദിത്വപരമായ ഈ അബദ്ധ സർക്കുലർ ഇറക്കിയിട്ടുള്ളത്.

പരാതിയിൽ പറഞ്ഞിട്ടുള്ള വരുമാനനികുതി വിഷയം കേന്ദ്രസർക്കാരിൻ്റെ പരിധിയിൽ വരുന്നതാണെന്ന പ്രാഥമിക അറിവുപോലും ഇല്ലാതെയാണോ ഇത്തരത്തിലൊരു സർക്കുലർ ഇറക്കിയിട്ടുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്‌കിയപ്പോൾ പരാതിക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധനപോലും നടത്താതെയാണ് പൊതുവിദ്യാഭ്യാസ വിജിലൻസ് വിഭാഗം ഇത്തരത്തിലൊരു സർക്കുലർ ത യാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ചിട്ടുള്ളത്.

സർക്കുലർ സംബന്ധിച്ച് നിജസ്ഥിതിക്കായി പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം പരിശോധിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ മാസം 13നാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിലെ നിർദേശം ഇങ്ങനെ: സർക്കാർ ശമ്പളം വാങ്ങുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് സൂചന പ്രകാരം ലഭ്യമായ പരാതി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഈ പരാതിയിന്മേൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നു.

സർക്കുലറിനൊപ്പം ചേർത്തിട്ടുള്ള പരാതിയിൽ പരാതിക്കാരൻ പറയുന്നത്: ക്രിസ്‌ത്യൻ സഭകൾ നടത്തുന്ന എയ്‌ഡഡ് കോളജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്‌തുമതവിശ്വാസികളായ ജീവനക്കാർ വരുമാനനികുതി നിയമങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിലവിലുള്ള മറ്റു സർക്കാർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപപോലും വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നുവെന്നാണ്. ഈ പരാതിയിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര പരിശോധനകൾ നട ത്താതെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അന്വേഷണത്തിനായി സർക്കുലർ അയച്ചത്.


Related Articles »