News - 2024
ക്രിസ്തുമസിന് തയാറെടുപ്പുമായി വത്തിക്കാന്‍; പുല്‍ക്കൂടും ട്രീയും ഡിസംബർ 7ന് അനാവരണം ചെയ്യും
പ്രവാചകശബ്ദം 20-11-2024 - Wednesday
വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന് പുല്‍ക്കൂടും ട്രീയും അനാവരണം ചെയ്യും. ഡിസംബർ 7 ന് വൈകുന്നേരം 6:30 ന് നടക്കുന്ന പരിപാടിക്ക് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡൻ്റും സെക്രട്ടറി ജനറലുമായ കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയും നേതൃത്വം നൽകും. നൂറുകണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്.
ഇറ്റാലിയൻ നഗരമായ ട്രെൻ്റിനോയിലെ ലെഡ്രോയിൽ നിന്നാണ് വത്തിക്കാൻ ഈ വർഷത്തെ ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്. 29 മീറ്റർ ഉയരമുള്ള ട്രീയും തിരുപിറവി രംഗമുള്ള പുല്‍കൂടും കർത്താവിൻ്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് 2025 ജനുവരി 12 ഞായറാഴ്‌ച വരെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റലിയിലെ ഗോറിസിയ പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയായ ഗ്രാഡോയിൽ നിന്നുള്ളവര്‍ ഒരുക്കുന്ന പുല്‍ക്കൂടാണ് ഈ വർഷം സെൻ്റ് പീറ്റേഴ്സ് സ്‌ക്വയറിൽ സ്ഥാപിക്കുന്നത്.
ഉണ്ണിയേശുവിന്റെ ജനനം കൂടാതെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള വിവിധ രംഗങ്ങളും പുല്‍കൂട്ടില്‍ ദൃശ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഫഷണലുകളും, കലാകാരന്മാരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള നാൽപ്പതോളം പേരാണ് ഇത്തവണത്തെ വത്തിക്കാനിലെ തിരുപിറവി ദൃശ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത്. 3D പ്രിൻ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ച സസ്യജാലങ്ങളുടെ ദൃശ്യം ഇത്തവണ കാഴ്ചയുടെ പുതിയ ദൃശ്യ വിരുന്ന്‍ പകരുമെന്ന് സൂചനയുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟