News - 2024

നിക്കരാഗ്വേയില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റിനെ നാടുകടത്തി

പ്രവാചകശബ്ദം 17-11-2024 - Sunday

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ കത്തോലിക്ക വിരുദ്ധ നടപടികളുടെ ഭാഗമായി ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്‍റ് ബിഷപ്പ് കാർലോസ് ഹെരേരയെ നാടുകടത്തി. പ്രസിഡന്‍റ് ഡാനിയേല്‍ ഒർട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്കാവിരുദ്ധ നടപടികളിൽ ഏറ്റവും പുതിയതാണിത്. സഭയ്ക്കെതിരേ അന്യായമായി ചുമത്തുന്ന രാജ്യദ്രോഹ നടപടികളുടെ ഭാഗമായി ഡാനിയേല്‍ ഒർട്ടേഗ ഭരണകൂടം ജിനോടേഗയിലെ ബിഷപ്പായ കാർലേസ് ഹെരേരയെ ബുധനാഴ്‌ച ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുകയായിരിന്നു. 2021 മുതൽ നിക്കരാഗ്വേൻ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്റാണ് ബിഷപ്പ് കാർലോസ്. ഒർട്ടേഗ ഭരണകൂടം നാടുകടത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് അദ്ദേഹം.

കഴിഞ്ഞ ഞായറാഴ്‌ച ബിഷപ്പ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കവേ, ഒർട്ടേഗ അനുകൂലിയായ നഗരമേയർ പുറത്ത് ഉച്ചത്തിൽ സംഗീതപരിപാടി നടത്തിയിരുന്നു. വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തുന്ന ഈ നടപടിയെ ബിഷപ്പ് അൾത്താരയിൽനിന്നു വിമർശിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ നടപടി ഉണ്ടായത്. ബുധനാഴ്‌ച ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി നാടുകടത്തുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഫ്രാൻസിസ്‌കൻ സന്യാസ കേന്ദ്രത്തിലാണ് അദ്ദേഹം നിലവിലുള്ളത്.

2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിച്ചു. നിരവധി കത്തോലിക്ക സന്യാസിനികളെയും വൈദികരെയും മെത്രാന്‍മാരേയും തടങ്കലിലാക്കുകയും കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിന്നു. ഇത്തരത്തില്‍ നടക്കുന്ന കത്തോലിക്ക വിരുദ്ധ നയങ്ങളില്‍ അവസാനത്തെ നടപടിയാണ് നിക്കരാഗ്വേയിലെ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്‍റിന്റെ നാടുകടത്തല്‍.

More Archives >>

Page 1 of 1022