News - 2025
നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും
പ്രവാചകശബ്ദം 23-11-2024 - Saturday
ആക്ര: രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഘാനയിലെ മെത്രാൻ സമിതി ഉത്തരവ്. ഘാനയിലെ മെത്രാൻ സമിതിയുടെ സമഗ്ര സമ്മേളനത്തിൽ എടുത്ത തീരുമാനം സ്വതന്ത്ര വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫീദെസ് ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങളുടെ പാരിതോഷികമായി സഭയ്ക്ക് സംഭാവനകൾ നൽകുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നു തീരുമാനിച്ചു. ഇത് സംബന്ധിച്ച കർശന നിർദേശങ്ങളും മെത്രാൻ സമിതി നൽകി.
പരിസ്ഥിതിക്കും ജനസംഖ്യയ്ക്കും വളരെ ഗുരുതരമായ നാശം വരുത്തുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ധാതുക്കളുടെ അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തിനു മൗന അനുമതി നൽകിയതിനെത്തുടർന്ന്, വൻതോതിലുള്ള അനീതിയാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. ഇതിനു ഒത്താശ ചെയ്യുന്നതിനുവേണ്ടി, സഭയ്ക്കും സംഭാവനകൾ നൽകുവാൻ കുത്തക മുതലാളിമാർ സന്നദ്ധരായ അവസരത്തിലാണ്, അനീതി നിറഞ്ഞ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല എന്ന നിർദേശം കല്പനയായി ഘാനയിലെ മെത്രാൻ സമിതി പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെടാനും മെത്രാൻ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭൂമി സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ ഭൂമി ഏറ്റെടുക്കണമെന്നും, പുറത്തുനിന്നുള്ളവർക്ക് ഭൂമി അനീതിപരമായി ഉപയോഗിക്കുവാൻ വിട്ടുകൊടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. നേരത്തെ കെനിയൻ രാഷ്ട്രത്തലവൻ നൽകിയ സംഭാവനകൾ നിരസിച്ച മെത്രാന്മാരുടെ തീരുമാനം ഏറെ ശ്രദ്ധ നേടിയിരിന്നു. രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ സഭ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറഞ്ഞായിരിന്നു ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ വന്‍ തുകയുള്ള സംഭാവന നിഷേധിച്ചത്.