News - 2024
ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്
പ്രവാചകശബ്ദം 25-11-2024 - Monday
ഫിലാഡൽഫിയ: നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്. "ഇഡബ്ല്യുടിഎന്‍ ന്യൂസ് ഇൻ ഡെപ്ത്ത്" അവതാരക കാതറിൻ ഹാഡ്രോയ്ക്കു വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഫിലാഡൽഫിയയിലെ യുക്രൈന്‍ കത്തോലിക്ക രൂപത ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്ക് ട്രംപിനെ നേരിട്ടു സ്വാഗതം ചെയ്തതായി അറിയിച്ചത്. ഒക്‌ടോബർ 17-ന് നടന്ന അത്താഴ വിരുന്നിൽ ട്രംപുമായി ഹ്രസ്വ സംഭാഷണം നടത്തിയതായും ഇലക്ഷന്‍ ഫലം അറിഞ്ഞതിന് ശേഷം ട്രംപിന് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതിയെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.
ഒരു കൂട്ടം മതനേതാക്കളോടൊപ്പം മാനുഷിക ദൗത്യവുമായി അദ്ദേഹം ഇപ്പോൾ പോകുകയാണെങ്കിൽ, യുക്രൈനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. യുക്രൈനിലേക്ക് പോയ കർദ്ദിനാൾമാർ, രാഷ്ട്രീയ നേതാക്കൾ, സന്നദ്ധ പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങീ എല്ലാവരും അവിടെ സംഭവിക്കുന്നതു കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഭാവിയിൽ ഒരു നയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമായി മാറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യുക്രൈനിലേക്ക് പോകാൻ പ്രസിഡൻ്റ് ട്രംപിനെ പ്രോത്സാഹിപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് ബോറിസ് പറഞ്ഞു.
2022 ഫെബ്രുവരി 24നാണ് റഷ്യൻ സേന യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. പതിനായിരങ്ങളുടെ ജീവനെടുത്തും കോടികളുടെ നാശം വരുത്തിയും വിതച്ച യുദ്ധം ഇക്കഴിഞ്ഞ ആഴ്ച ആയിരം ദിവസങ്ങൾ പിന്നിട്ടിരിന്നു. യുഎസും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ ശക്തികൾ യുക്രൈന് സൈനിക, സാമ്പത്തിക പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും രാജ്യം നിലയില്ലാകയത്തിലാണ്. യുദ്ധത്തിന് ആയിരം ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനത അനുഭവിച്ച കഠിനമായ ബുദ്ധിമുട്ടുകൾ മനസിലാക്കി യുക്രൈനിലെ എല്ലാ പൗരന്മാരെയും അവർ എവിടെയായിരുന്നാലും ആശ്ലേഷിക്കാൻ ആഗ്രഹിക്കുകയാണെന്ന വാക്കുകളോടെ ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരിന്നു.