News - 2024
സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്നും തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നു
പ്രവാചകശബ്ദം 27-11-2024 - Wednesday
വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവേശഷിക്കേ വത്തിക്കാന്റെ ഹൃദയമായ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതിയ വെബ്‌ക്യാമുകൾ സ്ഥാപിക്കും. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തത്സമയം പ്രാര്‍ത്ഥിക്കാന്‍ ഉതകുന്ന വിധത്തില്‍ ഇതിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ലോകത്ത് എവിടെയായിരിന്നാലും വിശ്വാസികൾക്ക് വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കാൻ അവസരം നൽകുന്നതാണ് പുതിയ ക്രമീകരണം.
ഫാബ്രിക് ഓഫ് സെൻ്റ് പീറ്ററിൻ്റെ പ്രസിഡൻ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയും ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. എൻസോ ഫോർട്ടുനാറ്റോയും ചേര്‍ന്നുള്ള പത്രസമ്മേളനത്തിലാണ് വെബ്‌ക്യാമുകൾ സ്ഥാപിച്ചു തത്സമയ സംപ്രേക്ഷണം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 2 ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ഇൻസ്റ്റാളേഷൻ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.
ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.