News

ആഭ്യന്തര യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവര്‍ക്ക് പിന്തുണ അറിയിച്ച് ഹംഗറി

പ്രവാചകശബ്ദം 04-12-2024 - Wednesday

ബുഡാപെസ്റ്റ്: പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്താല്‍ കഷ്ടപ്പെടുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് പിന്തുണയുമായി ഹംഗറി. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനുമായി കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ആഭ്യന്തര യുദ്ധത്താല്‍ കഷ്ടപ്പെടുന്ന സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.

അന്താരാഷ്ട്ര വേദികളില്‍ സമാധാനത്തിനു വേണ്ടി വാദിക്കുവാനും, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യം ഉണ്ടാക്കുവാനുമുള്ള ഹംഗറിയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഓര്‍ബന്‍ ആവര്‍ത്തിച്ചു. കഷ്ടതയനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് നല്‍കിവരുന്ന തുടര്‍ച്ചയായ സഹായങ്ങളുടെ പേരില്‍ പാത്രിയാര്‍ക്കീസ് ഹംഗറി പ്രധാനമന്ത്രിക്കും ഹംഗേറിയന്‍ ജനതക്കും പാത്രിയര്‍ക്കീസ് നന്ദി അറിയിച്ചു. ഇതിനിടെ സിറിയന്‍ നഗരമായ ആലപ്പോയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ട്രിസ്റ്റാന്‍ അസ്ബേജ് ‘എക്സ്’ല്‍ കുറിച്ച വരികള്‍ ശ്രദ്ധേയമായിരുന്നു.

“ആലപ്പോയിലെ ഞങ്ങളുടെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്ക്: നിങ്ങളുടെ ജീവനും, സുരക്ഷയും, സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഹംഗേറിയന്‍ ജനത നിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, വേണ്ടിവന്നാല്‍ മാനുഷികമായി നിങ്ങളെ സഹായിക്കുവാനും തയ്യാറായിക്കൊണ്ട് നിങ്ങള്‍ക്കൊപ്പമുണ്ട്. സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു|” എന്നാണ് അസ്ബേജിന്റെ പോസ്റ്റില്‍ പറയുന്നത്.



സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരും ഹയാത്ത് തഹരിര്‍ അല്‍-ഷാം എന്ന ജിഹാദി സംഘടനയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടങ്ങിയത് 2011-ലാണ്. സമീപദിവസങ്ങളിലായി യുദ്ധം ശക്തിപ്രാപിച്ചിരിക്കുകയാണ്. 2016-ന് ശേഷം ഇതാദ്യമായാണ് വിമതര്‍ ആലപ്പോ കീഴടക്കുന്നത്.

സിറിയയില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ പിടിമുറുക്കുന്നത് സിറിയന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ആലപ്പോ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായൊരു ആവാസകേന്ദ്രമായിരുന്നു. പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ആലപ്പോ നഗരത്തിൽ ടെറ സാന്താ കോളേജിലെ ഫ്രാൻസിസ്കൻ സമുച്ചയത്തിൽ ബോംബ് പതിച്ചിരിന്നു.


Related Articles »