News
ഭയവും അരക്ഷിതാവസ്ഥയും, ജനങ്ങൾ പലായനം ചെയ്യുന്നു: സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 04-12-2024 - Wednesday
ഡമാസ്ക്കസ്: ആലപ്പോ നഗരം പിടിച്ചെടുത്ത് ആക്രമണവുമായി കലാപകാരികളായ തീവ്രവാദികള്‍ സജീവമായതോടെ സിറിയയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നതായി സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍. ദൗർഭാഗ്യവശാൽ, ഏകദേശം മൂന്നു വർഷമായി വാർത്തകളിൽ നിന്നു സിറിയ അപ്രത്യക്ഷമായി. ഇപ്പോഴിതാ ദാരുണമായ സംഭവങ്ങളിലൂടെ സിറിയ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണെന്ന് സിറിയയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി പറഞ്ഞു.
ഭയമേറെയാണ്. സർക്കാർ ഓഫീസുകൾ അപ്രത്യക്ഷമായി, സൈന്യത്തെ കാണാനില്ല, സാധാരണക്കാരെ ദ്രോഹിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് സായുധ സംഘങ്ങൾ അലഞ്ഞുതിരിയുന്നു. ഇതുവരെ, അവർ ഈ വാഗ്ദാനം പാലിച്ചതായി തോന്നുന്നു, പക്ഷേ ആളുകൾ ഭയന്ന് വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ്, ഏതാനും പേര്‍ സിറിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് തിടുക്കത്തിൽ യാത്രയായി. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാണാം. യുദ്ധഭൂമിയായ സിറിയയിൽ നിന്ന് ഓടിപ്പോകുക മാത്രമാണ് ജനങ്ങളുടെ ഏക ലക്ഷ്യമെന്ന് കർദ്ദിനാൾ പറയുന്നു.
എല്ലാം വളരെ അനിശ്ചിതത്വത്തിൽ തുടരുന്നു; ഉത്കണ്ഠ, ഭയം, അരക്ഷിതാവസ്ഥ എന്നിവ നിലനിൽക്കുന്നു. വൈദികരും സന്യസ്തരും തങ്ങളുടെ ജനത്തോടൊപ്പം താമസിക്കുന്നത് പോലെ തങ്ങളും ആലപ്പോയിൽ തന്നെ തുടരുമെന്ന് ബിഷപ്പുമാർ വിശ്വാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വളരെ അനിശ്ചിതത്വവും ബുദ്ധിമുട്ടേറിയതുമായ സമയമാണ്. ജനങ്ങളുടെ ഒരേയൊരു ആഗ്രഹം രക്ഷപ്പെടുക എന്നതാണ്. ആലപ്പോയിലെ ഈ ഏറ്റവും പുതിയ സംഭവങ്ങളോടെ, കുടിയേറാനുള്ള ഈ ആഗ്രഹം വളർന്നുവെന്നും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ വെളിപ്പെടുത്തി.
ഇസ്ലാമിസ്റ്റ് സേനകള്‍ നഗരം പിടിച്ചടക്കിയതിനെ തുടർന്ന് ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍ ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി വിവിധ സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ ഹയാത്ത് തഹ്‌രീർ അൽ-ഷാം ഉള്‍പ്പെടെയുള്ള വിമത ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟