News
ഇറാഖ് സന്ദര്‍ശനത്തിനിടെ തനിക്ക് നേരെ വധശ്രമമുണ്ടായതായി ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 18-12-2024 - Wednesday
വത്തിക്കാന്‍ സിറ്റി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖ് സന്ദർശനത്തിനിടെ തനിക്ക് നേരെ വധശ്രമമുണ്ടായതായി ഫ്രാന്‍സിസ് പാപ്പയുടെ വെളിപ്പെടുത്തല്‍. 2021 മാർച്ചിൽ മൊസൂൾ നഗരത്തിൽ നടത്തിയ സന്ദർശനത്തിനിടെ വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരി 14-ന് പുറത്തിറങ്ങാനിരിക്കുന്ന “സ്പെറ” (“ഹോപ്പ്”) എന്ന പുതിയ പുസ്തകത്തിൽ, തൻ്റെ യാത്രയ്ക്കിടെ ആസൂത്രണം ചെയ്ത ആക്രമണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടെ, പാപ്പ വിവരിക്കുന്നുണ്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
താൻ ബാഗ്ദാദിൽ ഇറങ്ങിയ ഉടൻ തന്നെ ബ്രിട്ടീഷ് ഇൻ്റലിജൻസ് വധശ്രമ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിന്നുവെന്ന് പാപ്പ പുസ്തകത്തിൽ വെളിപ്പെടുത്തി. രണ്ടു രീതിയിലുള്ള വധശ്രമമാണ് നടക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. അപ്പസ്തോലിക സന്ദർശന വേളയിൽ ചാവേറായി സ്വയം പൊട്ടിത്തെറിക്കുക എന്ന ഉദ്ദേശത്തോടെ ഒരു യുവതി തയാറെടുത്തിരിന്നുവെന്നും ഇവര്‍ മൊസൂളിലേക്ക് പോകുന്നുണ്ടായിരിന്നുവെന്നും തന്നെ വധിക്കുവാനായി അതിവേഗ ട്രക്കും നിരത്തിലിറക്കിയിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
ജിഹാദിസവും തീവ്രവാദി ആക്രമണവും മൂലം നശിപ്പിച്ച ഒരു ദേശത്തേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനെതിരെ നിരവധി പേര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി പാപ്പ പറഞ്ഞുവെന്ന് പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ പങ്കുവെച്ചുള്ള ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. “എന്നാൽ എന്തുവിലകൊടുത്തും പോകാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് അത് ചെയ്യണമെന്ന് തോന്നി. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ വംശപരമ്പര കണ്ടെത്തുന്ന പൂർവ്വപിതാവായ അബ്രഹാമിനെ സന്ദർശിക്കാനും കാണാനും തനിക്ക് കടപ്പാടുണ്ടെന്ന്" അദ്ദേഹം കുറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ അബ്രാഹാമിന്റെ ജന്മനഗരമായ ഊര്‍ സന്ദര്‍ശിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟