India - 2024
ദൈവ സ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസ്: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 22-12-2024 - Sunday
കാക്കനാട്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരാണ് ഈ സംഗമത്തിൽ പങ്കുചേർന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവച്ചുകൊണ്ട് മാർ റാഫേൽ തട്ടിൽ പിതാവ് ക്രിസ്തുമസ് ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു.
സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത ഈശോ സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. അതിനുവേണ്ടിയാണ് ദൈവപുത്രൻ മനുഷ്യനായി പുൽക്കൂട്ടിൽ ജനിച്ചതെന്ന് മേജർ ആർച്ചുബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. മനുഷ്യരോടു കൂടെ നടക്കാൻ വന്ന ദൈവം ഒന്നിച്ചു നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. കാരണം, നാമെല്ലാവരും സഹയാത്രികരാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ക്രിസ്തുമസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുമസ് സ്നേഹസംഗമത്തിൽ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് മേജർ ആക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. അബ്രഹാം കാവിൽപുരയിടത്തിലും കൃതജ്ഞതയർപ്പിച്ചുകൊണ്ട് സഭയുടെ പി.ആർ.ഒ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി.യും സംസാരിച്ചു.