India
കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്നേഹാദരവ്
22-12-2024 - Sunday
ചങ്ങനാശേരി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരുപത എസ്ബി കോളജിലെ മാർ കാവുകാട്ടു ഹാളിൽ ഒരുക്കിയ സ്വീകരണം ഊഷ്‌മള സ്നേഹാദരവായി. എസ്ബി കോളജ് അങ്കണത്തിലെത്തിയ കർദിനാളിനെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയോടുള്ള പ്രതിബദ്ധതയും പാവപ്പെട്ടവരോടുള്ള കരുണാർദ്ര സ്നേഹവും ത്യാഗനിർഭരമായ ജീവിതവുമാണ് മാർ ജോർജ് കൂവക്കാട്ടിൻ്റെ ശൈലിയെന്നും, അദ്ദേഹത്തിനു ലഭിച്ച പദവി ഭാരതസഭയ്ക്ക് ഫ്രാൻസിസ് പാപ്പ നൽകിയ സമ്മാനവും അംഗീകാരവുമാണെന്നും കർദ്ദിനാൾ ആൻ്റണി പൂള അഭിപ്രായപ്പെട്ടു.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് അവർക്ക് ശുശ്രൂഷ ചെയ്യാനുള്ള വലിയ ദൈവ നിയോഗമാണ് മാർ ജോർജ് കൂവക്കാട്ടിന് ലഭിച്ച കർദിനാൾ പദവിക്കുള്ളതെന്ന് മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരവും മാർ തോമസ് തറയിൽ സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. മുൻ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, മന്ത്രി റോഷി അഗസ്റ്റിൻ, ശശി തരൂർ എംപി, ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.