News - 2025
ലോകം ഉറ്റുനോക്കുന്ന കോൺക്ലേവില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടിന് നിര്‍ണ്ണായകമായ ഉത്തരവാദിത്വം
പ്രവാചകശബ്ദം 24-04-2025 - Thursday
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിൽ മലയാളിയായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിനു നിര്‍ണ്ണായകമായ ചുമതല. പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദ്ദിനാൾ കോളജിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിൻ്റെ മാസ്‌റ്ററെയും തെരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാർ കൂവക്കാടിൻ്റെ മേൽനോട്ടത്തിലാകും. വളരെ രഹസ്യ സ്വഭാവത്തോടെ കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്‌റ്റീൻ ചാപ്പലിൻ്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലായിരിക്കും.
കർദ്ദിനാൾ സംഘത്തിലെ 9 ഇലക്ടറൽമാർക്കു ചുമതലകൾ ഏൽപിക്കുന്നതിനായി നറുക്കെടുക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതും കര്‍ദ്ദിനാള്‍ കൂവക്കാടായിരിക്കും. വോട്ടുകൾ എണ്ണുന്ന 3 കർദ്ദിനാളുമാർ, രോഗം മൂലമോ മറ്റോ സന്നിഹിതരാകാൻ കഴിയാത്ത ഇലക്റൽമാരിൽനിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്നു കർദ്ദിനാൾമാർ, വോട്ടെണ്ണലിൻ്റെ കൃത്യത പരിശോധിക്കുന്ന മൂന്നു കർദ്ദിനാൾമാർ എന്നിവരെ നറുക്കിലൂടെ അദ്ദേഹം തിരഞ്ഞെടുക്കും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകൾ കത്തിക്കാനുള്ള മേൽനോട്ടവും കര്‍ദ്ദിനാള്‍ കൂവക്കാടിനാണെന്നാണ് ലഭിക്കുന്ന വിവരം.
ഫ്രാന്‍സിസ് പാപ്പയുമായി ഏറ്റവും അധികം ഇടപ്പെട്ടിരിന്ന ഏറ്റവും സൗഹാര്‍ദമുണ്ടായിരിന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ കൂവക്കാട്. 2021 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സിസ് പാപ്പ കർദിനാൾ പദവിയിലേക്കു ഉയര്‍ത്തിയത്. വൈദികനായിരിക്കെ കർദ്ദിനാൾ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയോടെയായിരിന്നു 2024 ഡിസംബർ 7ന് വത്തിക്കാനിൽ സ്ഥാനാരോഹണം നടന്നത്. ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം നിയമപരമായ ക്രമമനുസരിച്ചുള്ള കർദ്ദിനാൾ സംഘത്തിന്റെ ആദ്യ ഔദ്യോഗിക പൊതുസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ കൂവക്കാട് മാത്രമാണ് ഇന്ത്യയില്‍ നിന്നു പങ്കെടുത്തത്.
