News - 2025

മേഘാലയയില്‍ ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ച് കയറി മൈക്കിൽ ജയ് ശ്രീറാം വിളി

പ്രവാചകശബ്ദം 30-12-2024 - Monday

ഷില്ലോങ്: വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയില്‍ ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ച് കടന്നുകയറി മൈക്കിൽ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയ സോഷ്യൽ മീഡിയ വ്ളോഗര്‍ക്കെതിരെ വ്യാപക പ്രതിഷേധം. സംഭവം വിവാദമായതോടെ ആകാശ് സാഗർ എന്ന യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മേഘാലയയിലെ ഈസ്റ്റ് കാശി ഹിൽസ് ജില്ലയിലെ മാവ്ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിൽ കയറിയാണ് യുവാവ് ജയ് ശ്രീറാം മുഴക്കിയത്. ഹൈന്ദവ ഗീതങ്ങളും ഇയാള്‍ ചൊല്ലിയിരിന്നു. താന്‍ നടത്തിയ അതിക്രമം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോയായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം പള്ളിയിലെ അൾത്താരയിൽ കയറിയ ആകാശ്, മൈക്കിന് മുൻപിൽ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ചൊല്ലുകയും ചെയ്യുന്നത് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ദൃശ്യമാണ്. ക്രൈസ്തവ ഭക്തിഗാനങ്ങൾ വക്രീകരിച്ച് പാടിയെന്നും റിപ്പോര്‍ട്ടുണ്ട്. 15 ലക്ഷം ഫോളോവേഴ്സാണ് ഇയാള്‍ക്കുള്ളത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഷില്ലോങ്ങിലെ ആക്ടിവിസ്റ്റായ ഏഞ്ചല രങ്ങാട് ആകാശിനെതിരെ പൊലീസിൽ പരാതി നൽകുകയായിരിന്നു.

ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തെ അപലപിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികവും മതപരവും സാമുദായികവുമായ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ തള്ളിപറഞ്ഞു ബി‌ജെ‌പിയും രംഗത്ത് വന്നിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »