News

മാര്‍ച്ച് ഫോര്‍ ലൈഫിന് പിന്നാലെ ജനസാഗരമായി സാൻ ഫ്രാൻസിസ്കോയിലെ വാക്ക് ഫോർ ലൈഫ്

പ്രവാചകശബ്ദം 28-01-2025 - Tuesday

സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയില്‍ നടന്ന ഇരുപത്തിയൊന്നാമത് വാക്ക് ഫോർ ലൈഫ് വെസ്റ്റ് കോസ്റ്റ് പ്രോലൈഫ് മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. സാൻ ഫ്രാൻസിസ്കോ നഗര ഹൃദയത്തിലൂടെ ഒരു മൈലിലധികം നടന്ന മാർച്ചില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. "ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുന്നു" എന്ന ബാനറിന് പിന്നിലാണ് ആയിരങ്ങള്‍ അണിനിരന്നത്.

സെന്‍റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ വോക്ക് ഫോർ ലൈഫ് വിശുദ്ധ കുർബാനയോടെയാണ് റാലിയ്ക്കു തുടക്കമായത്. മോണ്ടേറി, സാൻ ജോസ് രൂപതകളിലെ ബിഷപ്പുമാർ വാക്ക് ഫോർ ലൈഫ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികരായി. കുരിശ് രൂപവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും വിവിധ പ്ലക്കാര്‍ഡുകളും വഹിച്ചുള്ള പ്രോലൈഫ് മാര്‍ച്ച് വര്‍ണ്ണാഭമായിരിന്നു. പ്രോലൈഫ് കൂട്ടായ്മയുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതായിരിന്നു റാലി.

ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുകയാണെന്നും സ്ത്രീകൾ ഭ്രൂണഹത്യയെക്കാള്‍ നല്ലത് അർഹിക്കുകയാണെന്നും വാക്ക് ഫോർ ലൈഫ് വെസ്റ്റ് കോസ്റ്റിന്റെ പ്രതിനിധി ഇവാ മണ്ടീൻ സിഎൻഎയോട് പറഞ്ഞു. മാർക്കറ്റ് സ്ട്രീറ്റിലൂടെ എംബാർകാഡെറോയിലേക്ക് പാടിയും, മുദ്രവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രോലൈഫ് റാലി നടന്നത്. കഴിഞ്ഞ ആഴ്ച അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫിലും ലക്ഷങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായിരിന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »