India - 2025

വനം മന്ത്രി രാജിവയ്ക്കണമെന്നതു രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

പ്രവാചകശബ്ദം 14-02-2025 - Friday

കൊച്ചി: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യജീവനുകളുടെ സംരക്ഷണത്തിനു വേണ്ടി സംസാരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരും തമ്മിലുള്ള ഒരു പ്രശ്‌നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുതെന്ന് സീറോമലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ആന്‍റണി വടക്കേക്കര. മന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നു മാത്രമല്ല അപലപനീയവുമാണ്. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാൽ നന്ന്. നിഷ്ക്രിയനായ വനംമന്ത്രി രാജിവയ്ക്കണമെന്നതു രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണെന്നും ഫാ. വടക്കേക്കര പ്രസ്ത‌ാവനയിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊലിഞ്ഞത് നാലു മനുഷ്യജന്മങ്ങളാണ്. കഴിഞ്ഞ 43 ദിവസത്തിനുള്ളിൽ 11 മനുഷ്യർ അതിക്രൂ രമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകൾ തുറക്കാൻ, ഈ ജീവൽപ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകാൻ എത്രപേർ ആക്രമിക്കപ്പെടണം? എത്രപേർ കൊല്ലപ്പെടണം?

വനാതിർത്തികളിലും മലയോരങ്ങളിലും താമസിക്കുന്ന സാധാരണക്കാരായ കർഷകർ ജീവഭയത്തിലാണ്. ആരെങ്കിലും കാട്ടുമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടു കഴിഞ്ഞാൽ ധനസഹായം പ്രഖ്യാപിക്കാൻ മാത്രമായി ഒരു വനം - വന്യജീവി വകുപ്പ് നമുക്ക് ആവശ്യമുണ്ടോ? കാട്ടാനയ്ക്കും കാട്ടുപന്നിക്കും എന്തിനേറെ, തെരുവുനായ്ക്കൾക്കു വേണ്ടിപ്പോലും സംസാരിക്കാൻ ആളുകളുണ്ട്, സംഘടനകളുണ്ട്; മനുഷ്യർക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത ദയനീയ അവസ്ഥയാണ് നമ്മുടെ നാട്ടിൽ. പ്രാകൃത കേരളമാണിതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാനാകില്ലായെന്നും റവ. ഡോ. ആന്‍റണി വടക്കേക്കര പ്രസ്താവിച്ചു.


Related Articles »