News

"ദി 21"; കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ജീവിതക്കഥ ആനിമേറ്റഡ് സിനിമയായി പുറത്തിറക്കി

പ്രവാചകശബ്ദം 16-02-2025 - Sunday

ന്യൂയോര്‍ക്ക്: ലിബിയയിലെ കടൽത്തീരത്ത് 21 കോപ്റ്റിക് ക്രൈസ്തവരെ കഴുത്ത് അറത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഹ്രസ്വ ആനിമേറ്റഡ് ഫിലിം "ദി 21" പുറത്തിറക്കി. യേശുക്രിസ്തുവിലുള്ള വിശ്വാസം നിഷേധിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് വഴങ്ങാത്ത ക്രൈസ്തവര്‍ 2015 ഫെബ്രുവരി 15നു രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ഇവരുടെ ജീവിതമാണ് കുട്ടികള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ഹ്രസ്വ ആനിമേറ്റഡ് ഫിലിം ആയി പുറത്തിറക്കിയിരിക്കുന്നത്. https://www.the21film.com/ ‍ എന്ന വെബ്സൈറ്റില്‍ സിനിമ സൗജന്യമായി കാണാന്‍ അവസരമുണ്ട്. മോർ പ്രൊഡക്ഷൻസിൻ്റെ സ്ഥാപകനായ മാർക്ക് റോഡ്‌ജേഴ്‌സ് 2019-ൽ ഈജിപ്ത് സന്ദർശിച്ച് രക്തസാക്ഷികളുടെ ആത്മീയ വിജയം ഉയർത്തിക്കാട്ടുന്ന സിനിമ നിർമ്മിക്കാൻ പദ്ധതിയിടുകയായിരിന്നു.

തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, വധശിക്ഷ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരണം "21" അവതരിപ്പിക്കുന്നു. 21 ക്രൈസ്തവരെ അറിയാവുന്ന കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കോപ്റ്റിക് വൈദികരുമായി കൂടിക്കാഴ്ച നടത്തി വിപുലമായ ഗവേഷണത്തിൻ്റെയും സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹ്രസ്വ ആനിമേറ്റഡ് ഫിലിം യാഥാര്‍ത്ഥ്യമാക്കിയത്. കോപ്റ്റിക് ഗാനങ്ങളും ആരാധനക്രമവും അവരുടെ സംഗീതത്തിൽ ഉൾപ്പെടുത്തുന്ന ക്ലാസിക്കൽ പരിശീലനം ലഭിച്ച സംഗീതജ്ഞരായ അയൂബ് സിസ്റ്റേഴ്‌സ് ആണ് ഇതില്‍ പശ്ചാത്തല ശബ്ദം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ആനിമേഷൻ സൃഷ്ടിക്കുന്നതിനായി അഞ്ച് വർഷത്തിനിടെ ഇരുപത്തിനാലിലധികം രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം കലാകാരന്മാരെ കാർട്ടൂൺ സലൂണ്‍ സ്റ്റുഡിയോയിലെ മുൻ ക്രിയേറ്റീവ് ഡയറക്ടറായ ടോഡ് പോൾസൺ ഏകോപിപ്പിക്കുകയായിരിന്നു. ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ ജോനാഥന്‍ റൂമിയാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ക്രിസ്ത്യാനികൾ എന്ന നിലയിൽ, മരണം അവസാനമല്ലെന്നും ഭയപ്പെടേണ്ട ഏറ്റവും വലിയ കാര്യമല്ലെന്നും അറിയാമെന്നും ധീരരായ പുരുഷന്മാരുടെ സംഭവാക്കഥകള്‍ പറയുകയും പങ്കിടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »