News - 2025

തങ്ങള്‍ വിശ്വസിക്കുന്നത് ദൈവകൃപയില്‍, അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നു : യു‌എസ് വൈസ് പ്രസിഡന്‍റ് വാന്‍സ്

പ്രവാചകശബ്ദം 21-02-2025 - Friday

ന്യൂയോര്‍ക്ക്: ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന സാക്ഷ്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയിലെ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൈവത്തിൻ്റെ കൃപയിൽ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വാൻസ് പറഞ്ഞു.



ധാർമ്മിക തത്വങ്ങളുടെ ഒരു കൂട്ടം മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം, മറിച്ച് വിശ്വാസമാണ്. ദൈവപുത്രൻ മനുഷ്യനായിത്തീർന്നു, അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം. ഇതില്‍ നിന്ന്‍ മനസിലാക്കേണ്ട പാഠങ്ങളില്‍ ഒന്ന്, മരണത്തെ ഭയപ്പെടേണ്ടതില്ല എന്നതാണ്. ഒരാളുടെ ജീവൻ നഷ്‌ടപ്പെടുക എന്ന്‍ പറയുമ്പോള്‍ പ്രധാനമായി ഒരാളുടെ ആത്മാവ് നഷ്‌ടമാകുമെന്ന് ഞാൻ കരുതുന്നു.

ഗർഭധാരണ കേന്ദ്രങ്ങളെ പിന്തുണച്ചും, കുടുംബങ്ങളെ വളർത്തിയെടുക്കാൻ ആളുകൾക്ക് താങ്ങാനാകുന്ന ചെലവുകൾ കുറയ്ക്കുന്നതിനുള്ള നയങ്ങൾ നടപ്പാക്കിയും, ഭ്രൂണഹത്യയെക്കുറിച്ചുള്ള ധാരണകൾ മാറ്റിയും, ജീവന്‍ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചും ജീവന്റെ സംസ്കാരം മുന്നോട്ട് കൊണ്ടുപോകാമെന്നും വാൻസ് അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ "അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രോ-ലൈഫ് പ്രസിഡൻ്റ്" എന്ന് വാൻസ് വിശേഷിപ്പിച്ചു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് ഭ്രൂണഹത്യയെ അതിശക്തമായി എതിര്‍ക്കുന്ന നേതാവ് കൂടിയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »