India - 2025
മോൺ. പയസ് മലേക്കണ്ടത്തില്‍ പോർച്ചുഗലിലെ ലിബ്‌സൺ യൂണിവേഴ്സിറ്റി അഡ്വൈസറി കമ്മിറ്റിയിലെ സ്ഥിരാംഗം
പ്രവാചകശബ്ദം 22-02-2025 - Saturday
മൂവാറ്റുപുഴ: കോതമംഗലം രൂപതാംഗമായ മോൺ. പയസ് മലേക്കണ്ടത്തിലിനെ പോർച്ചുഗലിലെ ലിബ്‌സൺ യൂണിവേഴ്സിറ്റി കലാ, ചരിത്ര വിഭാഗത്തിൽ സയൻ്റിഫിക് അഡ്വൈസറി കമ്മിറ്റിയിലെ സ്ഥിരാംഗമായി നിയമിച്ചു. 15 വർഷം ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ ചരിത്രവിഭാഗം പ്രഫസറായി സേവനമനുഷ്‌ഠിച്ച മോൺ. പയസ് നിലവിൽ കോതമംഗലം രൂപത വികാരി ജനറാളും വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമാണ്.
ഗോവ യൂണിവേഴ്‌സിറ്റിയിലും കാലടി ആദിശങ്കര യൂണിവേഴ്‌സിറ്റിയിലും മുമ്പ് അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്‌ടിച്ചിട്ടുള്ള മോൺ. പയസ് മലേക്കണ്ടത്തി ൽ ഇരുപതിലേറെ പുസ്‌തകങ്ങൾ ജർമൻ, പോർച്ചുഗൽ ഭാഷകളിലും നൂറ്റിഇരുപതോളം ഗവേഷണ ലേഖനങ്ങൾ അന്തർദേശീയതലത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാരിടൈം ഹിസ്റ്ററി, ഇന്ത്യൻ സമുദ്ര പഠനം, ഇന്ത്യയുടെ കച്ചവട ചരിത്രം, മധ്യകാല നഗര ചരിത്ര പഠനങ്ങൾ എന്നിവയിൽ അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ചരിത്രകാരൻകൂടിയാണ് മോൺ. പയസ് മലേക്കണ്ടത്തിൽ.
