News - 2025

ആശുപത്രിയിൽ വിഭൂതി ചടങ്ങുകൾ; ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വസനസഹായം തുടരുമെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 06-03-2025 - Thursday

വത്തിക്കാന്‍ സിറ്റി: ഇരുപതു ദിവസത്തോളമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പ ഇന്നലെ ആശുപത്രിയില്‍ നടന്ന വിഭൂതിദിന ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ, ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ പാപ്പ വിഭൂതി ബുധനാഴ്ച കർമ്മങ്ങളിൽ പങ്കെടുത്തുവെന്നും, കാർമ്മികൻ പാപ്പയുടെ ശിരസ്സില്‍ ചാരം പൂശിയെന്നും പിന്നീട് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു. അതേസമയം ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളില്ല. ഇന്നലെ പകലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകി.

കുറച്ചുസമയം പാപ്പാ കസേരയിൽ ചിലവഴിക്കുകയും ജോലികളിൽ മുഴുകുകയും ചെയ്തുവെന്നും ഗാസായിലെ തിരുക്കുടുംബദേവാലയം വികാരിയുമായി ഫോണില്‍ സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. വെന്റിലേറ്റർ സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നും ഇന്നലെ വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ആരോഗ്യസ്ഥിതിയിലെ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ വിവരങ്ങള്‍ പ്രസ് ഓഫീസ് പുറത്തുവിട്ടില്ല.

ഗാസയിലുള്ള ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയെയാണ് ഫോണില്‍ വിളിച്ചത്. ഉച്ചകഴിഞ്ഞുള്ള സമയം പാപ്പ വിശ്രമവും ജോലിയുമായി കഴിഞ്ഞെന്നും വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും ബ്രോങ്കൈറ്റിസും മൂലം പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും പൊടുന്നനെ വഷളാകുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »