News - 2024

മദര്‍ തെരേസ ദൈവീക കാരുണ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 05-09-2016 - Monday

വത്തിക്കാന്‍: മദര്‍ തെരേസ ദൈവീകകാരുണ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച് കൊണ്ടുള്ള നാമകരണ ചടങ്ങിനിടയുള്ള പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

"മദർ തേരേസാ, അവളുടെ ജീവിതത്തിന്റെ എല്ലാ അർത്ഥത്തിലും ദൈവകാരുണ്യത്തിന്റെ ഉദാരമതിയായ കരസ്ഥയായിരുന്നു. പിറക്കാതെ, ഉപേക്ഷിക്കപ്പെട്ട, തള്ളിക്കളത്ത മനുഷ്യ ജീവനു സ്വാഗതമോതിയും സംരക്ഷിച്ചും, എല്ലാവർക്കും മദർ സംലഭ്യയായി. ജീവന്റെ സംരക്ഷണത്തിനു വേണ്ടി അവൾ തന്നെത്തന്നെ സമർപ്പിച്ചു. പിറക്കാത്ത കുഞ്ഞുങ്ങൾ എറ്റവും ബലഹീനരും ചെറിയവരും, ഏറ്റവും സഹായം ആവശ്യമുള്ളവരാണന്നും നിർഭയം മദർ പ്രഖ്യാപിച്ചു. തെരുവോരങ്ങളിൽ മരിക്കാനായി കിടന്നവരുടെ മുമ്പിൽ, അവരിൽ ദൈവമഹത്വം ദർശിച്ച് അവൾ താണിറങ്ങി". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

മദർ തേരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് മാർപാപ്പയുടെ വചന സന്ദേശം പൂർണ്ണരൂപത്തിൽ

ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? ( ജ്ഞാനം 9:13) നമ്മൾ ഇപ്പോൾ കേട്ട ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിലെ ഈ ചോദ്യം, നമ്മുടെ ജീവിതം ഒരു രഹസ്യമാണ് അതു മനസ്സിലാക്കാനുള്ള താക്കോലുകൾ നമ്മുക്ക് സ്വന്തമായില്ല എന്ന് നമ്മോടു പറയുന്നു. ചരിത്രത്തിൽ എപ്പോഴും രണ്ട് മുഖ്യ കഥാപാത്രങ്ങൾ ഉണ്ട്, ദൈവവും മനുഷ്യനും. ദൈവത്തിന്റെ വിളി മനസ്സിലാക്കി ആ ഹിതമനുസരിച്ച് ജീവിക്കയാണ് നമ്മുടെ ദൗത്യം. ദൈവഹിതം നിർവ്വഹിക്കാൻ നാം നമ്മോടു തന്നെ " എന്റെ ജീവിതത്തിലുള്ള ദൈവഹിതം എന്താണ്? " എന്ന് നിരന്തരം ചേദിക്കണം.

ഇതിനുള്ള ഉത്തരം ഈ വചനഭാഗത്തു നിന്നു തന്നെ നമ്മുക്ക് കണ്ടെത്താൻ കഴിയും "ജ്ഞാനം ഭൂവാസികളുടെ പാതയെ നേരേയാക്കി, അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു " ( ജ്ഞാനം 9:18). ദൈവവിളി എന്താണന്നു തിട്ടപ്പെടുത്താൻ ദൈവത്തിനു പ്രീതികരമായത് എന്തെന്ന് നമ്മൾ മനസ്സിലാക്കുകയും, നമ്മോടു തന്നെ നിരന്തരം ചോദിക്കുകയും ചെയ്യണം. ദൈവത്തിനു പ്രതീകരമായത് എന്താണന്നു പല അവസരങ്ങളിലും പ്രവാചകന്മാർ പ്രഘോഴിച്ചട്ടുണ്ട്. അവരുടെ സന്ദേശങ്ങളുടെയെല്ലാം മനോഹരമായ രത്നച്ചുരുക്കം " ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് " (ഹോസീ :6:6, മത്താ: 9:13) എന്നതാണ്.

എല്ലാ കാരുണ്യ പ്രവൃത്തിയിലും ദൈവം സംപ്രീതനാണ്, കാരണം നാം ഒരു സഹോദരനെയോ സഹോദരിയെയോ സഹായിക്കുമ്പോൾ, ആർക്കും കാണാൻ സാധിക്കാത്ത ദൈവമുഖം നമ്മൾ തിരിച്ചറിയുകയാണ് (യോഹ 1:18). നമ്മുടെ സഹോദരി സഹോദരന്മാരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ നാം ഓരോ തവണയും സംലഭ്യനാമ്പോൾ, നമ്മൾ യേശുവിനു ഭക്ഷണവും പാനീയവും കൊടുക്കുകയും, നമ്മൾ ദൈവപുത്രനെ വസ്ത്രം ധരിപ്പിക്കയും, സഹായിക്കുകയും, സന്ദർശിക്കുകയും ചെയ്യുന്നു.(മത്താ: 25: 40) മറ്റൊരു വാക്കിൽ പറഞ്ഞാൽ ക്രിസ്തുവിന്റെ ശരീരത്തെ നമ്മൾ സ്പർശിക്കുന്നു.

പ്രാർത്ഥനയിൽ ഉരുവിടുകയും വിശ്വാസത്തിൽ പ്രഘോഷിക്കുകയും ചെയ്ത കാര്യങ്ങൾ യാഥാർത്ഥ പ്രവൃത്തിയിൽ കൊണ്ടുവരിക എന്നതാണ് നമ്മുടെ വിളിയും ദൗത്യവും . സ്നേഹത്തിന്റെ ഈ വിളിക്ക് മറ്റൊന്നും പകരമാവില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെത്തന്നെ സമർപ്പിച്ചവർ, ഒരു പക്ഷേ അവർക്ക് അറിയില്ലങ്കിലും, അവർ ദൈവത്തെ സ്നേഹിക്കുന്നവരാണ്. (1 യോഹ 3:16-18). ആവശ്യനേരങ്ങളിൽ സഹായഹസ്തം നീട്ടുക മാത്രമല്ല ക്രൈസ്തവ ജീവിതം. സ്നേഹമില്ലാതെ ഒരു കടമ പോലെ മാത്രമേ നാം ഇത് അനുഷ്ഠിക്കുന്നുള്ളു എങ്കിൽ തീർച്ചയാകും മാനവ സാഹോദര്യത്തിന്റെ മഹത്തായ ഒരു സ്നേഹപ്രകടനമായി മാത്രം അത് ചുരുങ്ങി പോകും, കാരണം വേരുകൾ ഇല്ലാത്തതിനാൽ സ്നേഹമില്ലാത്ത ശുശ്രൂഷ വന്ധ്യമായിരിക്കും.

നേരെ മറിച്ചാണ് ദൈവം നമ്മുക്ക് നൽകുന്ന കർത്തവ്യം, ഓരോ ക്രിസ്തു ശിഷ്യനും ശിഷ്യയും അവന്റെയോ അവളുടെയോ ജീവിതം മുഴുവനും, ക്രിസ്തുവിന്റെ ശുശ്രൂഷകൾക്കായി മാറ്റി വച്ച്, അനുദിനം സ്നേഹത്തിൽ വളരാനുള്ള സ്നേഹത്തിന്റെ വിളി(vocation to charity) ആണ്. സുവിശേഷത്തിൽ നമ്മൾ ശ്രവിച്ചതു പോലെ "വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തുവന്നു.(ലൂക്കാ 14:25). ഇന്ന് "ഈ വലിയ ജനക്കൂട്ടം" ത്തെ കുരുണയുടെ ജൂബിലി ആഘോഷിക്കാൻ വന്ന കരുണയുടെ ശുശ്രുഷകരായ നിങ്ങളിൽ ഞാൻ കാണുന്നു. ഗുരുവിനെ അനുഗമിക്കുകയും ഓരോ വ്യക്തിയിലും അവന്റെ സ്നേഹം പ്രകടമാക്കയും ചെയ്യുന്ന ജനക്കൂട്ടം. പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഞാൻ ആവർത്തിക്കുന്നു: "സഹോദരാ, നിന്റെ സ്നേഹത്തിൽനിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു. എന്തെന്നാൽ, നീ വഴി വിശുദ്ധർ ഉൻമേഷഭരിതരായി "(ഫീലെ :1:7).

എത്ര ഹൃദയങ്ങൾക്ക് കരുണയുടെ ശുശ്രൂഷകർ സമാശ്വാസമേകി, എത്ര കരങ്ങളെ അവർ പിടിച്ചുയർത്തി, എത്ര പേരുടെ കണ്ണീർക്കണങ്ങൾ അവർ ഒപ്പിയെടുത്തു, നിസ്വാർത്ഥതയുടെയും എളിമയുടെയും, സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകി. സ്തുത്യർഹമായ ഈ ശുശ്രൂഷ നമ്മുടെ വിശ്വാസത്തിനു ശബ്ദം നൽകുന്നു, ആവശ്യമുള്ളവന്റെ സമീപത്തേക്ക് കടന്നുചെല്ലുന്ന പിതാവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നു. യേശുവിനെ അനുഗമിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്, അതേസമയം തന്നെ സന്തോഷവും നിറഞ്ഞ കാര്യമാണ്. നമ്മുടെ ദിവ്യ ഗുരുവിനെ പാവപ്പെട്ടവരിൽ പാവപ്പെട്ടവനായും, പുറന്തള്ളപ്പെട്ടവനായും മനസ്സിലാക്കുന്നതിനും അവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നതിലും ധൈര്യവും മനോശക്തിയും ആവശ്യമാണ്. അപ്രകാരം ചെയ്യനായി, ശുശ്രൂഷകർ യേശുവിനോടുള്ള സ്നേഹത്തെ പ്രതി പാവപ്പെട്ടവരെയും,ആവശ്യക്കാരെയും നന്ദിയോ, പ്രതിഫലേച്ഛയോ പ്രതീക്ഷിക്കാതെ ശുശ്രൂഷിക്കുന്നു.

യഥാര്‍ത്ഥ സ്നേഹം തിരിച്ചറിഞ്ഞുതുകൊണ്ടാണ് അവർ ഇതെല്ലാം ഉപേക്ഷിക്കുന്നത്. നമ്മുക്ക് ഓരോരുത്തർക്കും പറയാൻ കഴിയണം "എന്റെ ആവശ്യനേരത്ത്, എന്റെ അവസ്ഥയിലേക്ക് താണിറങ്ങി ദൈവം എന്നെ കണ്ടുമുട്ടിയതുപോലെ, ഞാനും അവനെ കണ്ടുമുട്ടുന്നതിനു വേണ്ടി - വിശ്വാസം നഷ്ടപ്പെട്ട, ദൈവം ഇല്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നവരുടെ, മൂല്യങ്ങളില്ലാതെ കഴിയുന്ന യുവജനങ്ങളുടെ, കുടുംബ പ്രശ്നങ്ങളുടെ, രോഗികളുടെ, ജയിലിലായവരുടെ, അഭയാർത്ഥികളുടെ, കുടിയേറ്റക്കാരുടെ, ശാരീരികവും മാനസികവുമായി തകർന്നവരുടെ, അനാഥമാക്കപ്പെട്ട കുട്ടികളുടെ ,ആരും സ്വന്തമായില്ലാത്ത മുതിർന്നവരുടെ - മുമ്പിൽ സ്വയം താഴ്ന്നിറങ്ങണം.

എഴുന്നേൽക്കുവാൻ ഒരു കൈ പിടി സഹായത്തിനായി കേഴുന്നവർക്കു മുന്നിൽ എവിടെയെങ്കിലും എത്തിച്ചേരാനായാൽ, അവിടെയാണ് നമ്മുടെ സാന്നിധ്യം, സംരക്ഷിക്കുകയും സമർപ്പിക്കുകയും ചെയ്യുന്ന സഭയുടെ സാന്നിധ്യം തീർച്ചയായും പ്രതീക്ഷയായി തീരേണ്ടത് എന്റെ ആവശ്യനേരത്ത് എനിക്കായി കരങ്ങൾനീട്ടിയ കർത്താവിന്റെ ഓർമ്മയിൽ ഞാനിതു ചെയ്യുന്നു." മദർ തേരേസാ, അവളുടെ ജീവിതത്തിന്റെ എല്ലാ അർത്ഥത്തിലും ദൈവകാരുണ്യത്തിന്റെ ഉദാരമതിയായ കരസ്ഥയായിരുന്നു. പിറക്കാതെ, ഉപേക്ഷിക്കപ്പെട്ട, തള്ളിക്കളത്ത മനുഷ്യ ജീവനു സ്വാഗതമോതിയും സംരക്ഷിച്ചും, എല്ലാവർക്കും മദർ സംലഭ്യയായി. ജീവന്റെ സംരക്ഷണത്തിനു വേണ്ടി അവൾ തന്നെത്തന്നെ സമർപ്പിച്ചു. " പിറക്കാത്ത കുഞ്ഞുങ്ങൾ എറ്റവും ബലഹീനരും ചെറിയവരും, ഏറ്റവും സഹായം ആവശ്യമുള്ളവരാണന്നും " നിർഭയം മദർ പ്രഖ്യാപിച്ചു. തെരുവോരങ്ങളിൽ മരിക്കാനായി കിടന്നവരുടെ മുമ്പിൽ, അവരിൽ ദൈവമഹത്വം ദർശിച്ച് അവൾ താണിറങ്ങി.

ലോകശക്തികളുടെ മുമ്പിൽ അവൾ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു , അതുവഴി അവർ ചെയ്ത കുറ്റകൃത്യങ്ങൾ, അവർ സ്രഷ്ടിച്ച ദാരിദ്യം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ തയ്യാറായി. മദർ തേരേസായ്ക്ക് കാരുണ്യം "ഉപ്പ്"പൊലെ അവളുടെ ജോലികളിൽ സ്വാദ് പകരുന്നതായിരുന്നു. ഇത് ദാരിദ്ര്യവും, പട്ടണിയും മൂലം കണ്ണീരും പോലും പൊഴിക്കാൻ കഴിയാത്ത അന്ധകാരത്തിൽ കഴിഞ്ഞ അനേകർക്ക് പ്രതീക്ഷ പകരുന്ന "പ്രകാശം " ആയിരുന്നു. അവളുടെ നഗരങ്ങളിലും ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ദൗത്യം പാവപ്പെട്ടവരിൽ പാവപ്പെട്ടവനോട് ദൈവത്തിനുള്ള അടുപ്പത്തിന്റെ ഏറ്റവും വാചാലമായ സാക്ഷ്യമായി ഇന്നു നിലനിൽക്കുന്നു. ഇന്ന് ഞാൻ സ്ത്രീത്വത്തിന്റെയും സമർപ്പണ ജീവിതത്തിന്റേയും ലക്ഷണമൊത്ത ഈ രൂപത്തെ ലോകമെമ്പാടുമുള്ള കരുണയുടെ ശുശ്രൂഷകർക്ക് കൈമാറുന്നു. അവൾ നിങ്ങളുടെ പരിശുദ്ധിക്ക് മാതൃകയാവട്ടെ. ഒരു പക്ഷെ നമ്മൾക്ക് അവളെ വിശുദ്ധ തെരേസാ എന്നു വിളിക്കാൻ കുറച്ചു ബുദ്ധിമുട്ടുകാണും എന്നു ഞാൻ ചിന്തിക്കുന്നു. അവളുടെ പരിശുദ്ധി നമ്മുക്കടുത്താണ്. വളരെ മൃദുവും ഫലദായകവുമാണ്. അതിനാൽ നൈസർഗ്ഗികമായി അവളെ "മദർ തേരേസാ " എന്നു നാം വിളിക്കുന്നു.

അക്ഷീണയായ കാരുണ്യത്തിന്റെ ഈ ശുശ്രൂഷക,നമ്മുടെ പ്രവൃത്തികളുടെ ഏക മാനദണ്ഡം സൗജന്യമായി കൊടുക്കുന്ന സ്നേഹമാണന്നുള്ള (gratuitous love) അവബോധം നമ്മിൽ വർദ്ധിപ്പിക്കട്ടെ. മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന ഭാഷയുടെ, സംസ്കാരത്തിന്റെ, വർഗ്ഗത്തിന്റെ, മതങ്ങളുടെ, വർണ്ണത്തിന്റെ ആശയസംഹിതകളിൽ നിന്നു നമ്മെ വിമോചിപ്പിക്കട്ടെ. മദർ തേരേസാ സ്നേഹത്തോടെ പറയുമായിരുന്നു " ഒരു പക്ഷേ അവരുടെ ഭാഷ എനിക്ക് സംസാരിക്കാൻ കഴിയില്ല, എന്നാൽ എനിക്ക് പുഞ്ചിരിക്കാൻ കഴിയും" അവളുടെ പുഞ്ചിരി നമ്മുടെ ഹൃദയങ്ങളിൽ വഹിച്ചുകൊണ്ട്, നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്നവർക്കെല്ലാം, പ്രത്യകമായി സഹിക്കുന്നവർക്ക് അതു നൽകാം. ഇതു വഴി നിരുത്സാഹപ്പെട്ടു, മനസ്സിലാക്കലിന്റേയും മൃദുസമീപനത്തിന്റെയും ആവശ്യം പേറുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അവസരങ്ങൾ നമ്മൾ തുറക്കുന്നു.

മാർപാപ്പയുടെ വചന സന്ദേശത്തിന്റെ സ്വതന്ത്ര വിവർത്തനത്തിന് കടപ്പാട്: ഫാ. ജയ്സൺ കുന്നേൽ MCBS