News - 2025
നോമ്പില്‍ ആത്മാര്‍ത്ഥയോടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാം: ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ്
പ്രവാചകശബ്ദം 10-03-2025 - Monday
വാഷിംഗ്ടണ്‍ ഡിസി: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു വിമുഖതയും കാണിക്കാതെ വിശ്വാസ സാക്ഷ്യം നല്‍കുന്ന ഹോളിവുഡ് നടൻ മാർക്ക് വാൽബെർഗ് നോമ്പ് ചിന്തകളുമായി രംഗത്ത്. ആരെങ്കിലും ആത്മാർത്ഥതയോടെ അവരുടെ ജീവിതം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അങ്ങനെ ചെയ്യാൻ കഴിയും. നോമ്പുകാലത്തിന്റെ ആരാധനാക്രമ കാലയളവില്‍ എല്ലാവര്‍ക്കും കൂടുതല്‍ മികച്ചത് ചെയ്യാന്‍ കഴിയുമെന്നും കൂടുതല്‍ പശ്ചാത്തപിക്കേണ്ട സമയമാണെന്നും വാൽബെർഗ് പറഞ്ഞു. ആരും രക്ഷയ്ക്കു അതീതരല്ലായെന്നും ദൈവം ഓരോ വ്യക്തിയുടെയും ഹൃദയത്തെ അറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ തന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ട ഫോക്സ് ന്യൂസ് യുദ്ധ ലേഖകനായ ബെഞ്ചമിൻ ഹാളിനു അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ നിര ഹോളിവുഡ് താരമായ വാൽബെർഗ് മനസ് തുറന്നത്. ആളുകൾ മാറുന്നില്ല, പക്ഷേ അവർ അങ്ങനെ ചെയ്യാൻ വളരെ കഴിവുള്ളവരാണെന്ന് പലപ്പോഴും പറയാറുമുണ്ട്. അവർക്ക് അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ കഴിയും, പക്ഷേ അതിനു മാർഗനിർദേശവും പിന്തുടരേണ്ട മാതൃകകളും ആവശ്യമാണ്. സ്വന്തം ജീവിതത്തില്‍ താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും അതില്‍ ദൈവം തന്ന പ്രതിവിധികളെ കുറിച്ചും താരം വെളിപ്പെടുത്തല്‍ നടത്തി.
എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ബാല്യമായിരുന്നു. ഇന്നും ഞാൻ അക്ഷമയും, ധാരണക്കുറവും നേരിടുന്നുണ്ട്. മറ്റുള്ളവരോട് ചിന്താശൂന്യമായി പെരുമാറുന്ന പ്രവണത കൊണ്ട് ബുദ്ധിമുട്ടുന്നു. ദൈനംദിന ആശങ്കകളിൽ കുടുങ്ങുന്നത് എളുപ്പമാണ്, പക്ഷേ ഈ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പൂർണ വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് യേശുവായിരുന്നു. ബാക്കിയുള്ളവർ അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ശ്രമിക്കണം. ഒരു നടനെ സംബന്ധിച്ചിടത്തോളം ദുരിതങ്ങളും കഷ്ടപ്പാടുകളും അനിവാര്യമാണെങ്കിലും, കുരിശിലൂടെയുള്ള വഴി കാണിക്കുന്ന ക്രിസ്തുവിനൊപ്പം ജീവിതം വ്യത്യസ്തമായ ഒരു അർത്ഥം നല്‍കുകയാണ്. കഷ്ടപ്പാടും നഷ്ടവും പരാജയവും ഉണ്ടാകും, എന്നാൽ ആ സാഹചര്യങ്ങളെ നന്ദിയോടെയും വിലമതിപ്പോടെയും നേരിടാനുള്ള ഏക മാർഗം ദൈവവുമായുള്ള ഒരു ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
