News - 2025
ജന്മനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം; അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 12-03-2025 - Wednesday
ബ്യൂണസ് അയേഴ്സ്: കനത്ത പേമാരിയില്‍ വെള്ളപ്പൊക്കത്തിലാണ്ട അര്‍ജന്റീനയിലെ ബഹീയ ബ്ലാങ്ക നഗരം ദുരിതത്തിലായ പശ്ചാത്തലത്തില്‍ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. മാർച്ച് 7 വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാകുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്. സംഭവത്തില്‍ അനുശോചനം അറിയിച്ച് പാപ്പ ബഹിയ ബ്ലാങ്ക അതിരൂപതയുടെ ആർച്ച് ബിഷപ്പ് കാർലോസ് അൽഫോൻസോക്കു ടെലഗ്രാം സന്ദേശം അയയ്ക്കുകയായിരിന്നു.
ബഹിയ ബ്ലാങ്ക പ്രദേശത്ത് നിരവധിപ്പേരുടെ ജീവനപഹരിക്കുകയും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത പ്രകൃതി ദുരന്തത്തിൽ താൻ ദുഃഖിതനാണെന്നും, മരിച്ചവരുടെ നിത്യശാന്തിക്കായി താൻ പ്രാർത്ഥിക്കുന്നുവെന്നും ദുരിതം അനുഭവിക്കുന്ന എല്ലാവരുടെ ചാരെ താനുണ്ടെന്നും പാപ്പ അറിയിച്ചു. വേദനയിലും അനിശ്ചിതത്വത്തിലും കഴിയുന്നവർക്ക് സമാശ്വാസം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ച പാപ്പ, പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി യത്നിക്കുന്നവർക്ക് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നാണ് പാപ്പ സന്ദേശമയച്ചത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
