News

ബാല വിവാഹം, ഇസ്ലാമിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം; ഒടുവില്‍ കോടതി ഇടപെടലില്‍ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നീതി

പ്രവാചകശബ്ദം 12-03-2025 - Wednesday

ലാഹോര്‍: പതിനൊന്നു വയസ്സു മാത്രമായിരിക്കേ ബാല വിവാഹത്തിനും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ കോടതി ഇടപെടലില്‍ നീതി. 7 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഷാഹിദ ബീബിയ്ക്കു അനുകൂലമായി ബഹാവൽപൂരിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി വിധിയോടെ, നീണ്ട യാതനകള്‍ക്കു ശേഷം തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കും സ്വന്തം പിതാവിന്റെ അടുത്തേക്കും മടങ്ങുവാനുള്ള വലിയ അവസരമാണ് നിലവില്‍ 18 വയസ്സുള്ള ഷാഹിദയ്ക്കു ലഭിച്ചിരിക്കുന്നത്.

ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോൾ അവളുടെ അമ്മ ഒരു മുസ്ലീം പുരുഷനുമായി ഒളിച്ചോടിയതോടെയാണ് ഈ പെണ്‍കുട്ടിയുടെ ദുരിതം ആരംഭിക്കുന്നത്. രണ്ടാനച്ഛന്‍ തന്റെ സഹോദരന് വിവാഹം ചെയ്യാന്‍ ബീബിയെ ഇരയാക്കി. കേവലം പതിനൊന്നു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ബാലവിവാഹം നടന്നത്. ഇയാള്‍ ശൈശവ വിവാഹ വിരുദ്ധ നിയമപ്രകാരം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക നിക്കാഹ് ബന്ധം സ്ഥാപിക്കുകയുമായിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, പാക്കിസ്ഥാനിലെ ബഹവൽപൂരിലുള്ള സിവിൽ കോടതി ബീബിയുടെ വാദങ്ങള്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരിന്നു.

ക്രൈസ്തവര്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡമാണ് പെണ്‍കുട്ടിക്ക് എല്ലാവിധ നിയമ സഹായങ്ങളും നല്‍കിയത്. ബീബി ക്രൈസ്തവ വിശ്വാസിയാണെന്നത് ശരിവെച്ച കോടതി നിർബന്ധിത വിവാഹം എല്ലാ രേഖകളില്‍ നിന്നും നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെയും നിർബന്ധിത വിവാഹത്തിന്റെയും ഭീകരത ആരും അനുഭവിക്കരുതെന്നും അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കരുതെന്നും എഡിഎഫ് ഇന്റർനാഷണലിന്റെ ഏഷ്യ ഡയറക്ടർ തെഹ്മിന അറോറ പറഞ്ഞു. നിർബന്ധിത വിവാഹങ്ങളിൽ നിന്നും മതപരിവർത്തനങ്ങളിൽ നിന്നും അതിജീവിച്ചവരുടെ സാക്ഷ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് എഡിഎഫ് ഇന്റർനാഷണൽ മിനി ഡോക്യുമെന്ററി പുറത്തിറക്കിയിരിന്നു.

16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ടെങ്കിലും മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിര്‍ബന്ധിത വിവാഹത്തിനു ഇരയാക്കുന്നത് പാക്കിസ്ഥാനില്‍ പതിവാണ്. വര്‍ഷംതോറും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ഇരയായി കൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട 2025-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »