News
നിത്യതയെ ലക്ഷ്യമാക്കിയുള്ള ചിന്തകളുമായി റോമൻ കൂരിയായുടെ ധ്യാനത്തിന് സമാപനം
പ്രവാചകശബ്ദം 15-03-2025 - Saturday
വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ മാർച്ച് 9 മുതൽ പോൾ ആറാമൻ ഹാളില്‍വെച്ചുനടന്ന റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിന് സമാപനം. ഇന്നലെ മാർച്ച് 14 രാവിലെ 9നു പൊന്തിഫിക്കൽ ഭവനത്തിന്റെ ധ്യാനപ്രഭാഷകനായ ഫാ. റോബെർത്തോ പസോളിനിയുടെ "നിത്യജീവന്റെ പ്രത്യാശ" എന്ന പ്രധാന ചിന്തയോടെ ധ്യാനം പര്യവസാനിച്ചു. ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച സമാപന ധ്യാന സന്ദേശത്തിൽ, മരണത്തിനുമപ്പുറം നിത്യജീവിതത്തിലേക്കുള്ള രൂപാന്തരീകരണത്തിനു നമ്മെത്തന്നെ ഒരുക്കണമെന്ന് ഫാ. പസോളിനി റോമൻ കൂരിയായോട് ആഹ്വാനം നല്‍കി.
ഈ രൂപാന്തരീകരണം ഇന്ന് തന്നെ ആരംഭിക്കണം. എല്ലാം നശ്വരമായ ഈ ലോകത്ത് നാം അലയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നാം നമ്മുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും പകരം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ നാം സ്വീകരിക്കുകയും ചെയ്യുന്നു. അവൻ നമ്മെ അവന്റെ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിത്യതയിൽ പ്രത്യാശയില്ലാതെ മുൻപോട്ടു പോകുകയാണെങ്കിൽ, ജീവിതത്തിൻറെ ഭാരം നമ്മെ നിരാശയിലേക്കു തള്ളിവിടും. അതിനാൽ അനശ്വരതയിൽ നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കണം. അനുദിനമുള്ള ശാരീരികമായ ക്ലേശങ്ങള്‍ യാഥാർഥ്യമെങ്കിലും, അവയിൽ സംഭവിക്കുന്ന ആന്തരിക നവീകരണത്തെപ്പറ്റി ബോധ്യമുള്ളവരാകണം. ക്രിസ്തുവിന്റെ കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും മഹാരഹസ്യം, നമ്മുടെ ജീവിതത്തിലും പരിവർത്തനത്തിന്റെ ഭാഗമാണെന്നും, പരാജയങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നുവെന്നും ഫാ. റോബെർത്തോ പറഞ്ഞു.
നമ്മുടെ ജീവിതം അർത്ഥശൂന്യമായ ഒരു സിനിമയല്ല, മറിച്ച് ഒരു അസാധാരണ സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഒരു സൃഷ്ടിയാണെന്നും വിശ്വാസത്തോടെ അവനിലേക്ക് നടക്കാനും നമ്മെ ക്ഷണിക്കുന്നുവെന്നും ഫാ. പസോളിനി കൂട്ടിച്ചേര്‍ത്തു. ധ്യാനത്തില്‍ പരിപൂര്‍ണ്ണമായി പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ചില ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പായും, റോമിലെ ജെമല്ലി ആശുപത്രിയിൽ നിന്നും ഓൺലൈനായി ധ്യാനത്തിൽ സംബന്ധിച്ചിരിന്നു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
