News

വിശുദ്ധ നാട്ടിലെ യുദ്ധങ്ങള്‍ക്കിടെ ഒരു നൂറ്റാണ്ട് ജീവിച്ച സന്യാസിനി; സിസ്റ്റര്‍ ചെറിയര്‍ക്ക് ആദരം

പ്രവാചകശബ്ദം 15-03-2025 - Saturday

ജെറുസലേം: വിശുദ്ധ നാട്ടിലെ യുദ്ധത്തിന്റെയും അക്രമത്തിന്റെയും ദുഷ്‌കരമായ സാഹചര്യത്തിനിടയില്‍ വയസ്സു നൂറു പിന്നിടുന്ന സന്യാസിനിക്ക് ജെറുസലേമിലെ പാത്രീയാര്‍ക്കീസിന്റെ ആദരവ്. സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ക്ലോഡെ ചെറിയർ മാർച്ച് 12നാണ് തന്റെ 100-ാം ജന്മദിനം ആഘോഷിച്ചത്. നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ പ്രതിനിധി നേരിട്ടെത്തി ഏറെ അഭിമാനകരമായ അവാര്‍ഡായ ഓർഡർ ഓഫ് ദി ക്രോസ് ഓഫ് ദി ഹോളി സെപൽക്കർ സിസ്റ്ററിന് നൽകി ആദരിയ്ക്കുകയായിരിന്നു.

അവിടെയുണ്ടായിരുന്നവർ ഇംഗ്ലീഷിലും അറബിയിലും സിസ്റ്റർ ചെറിയറിന് ജന്മദിനാശംസകൾ ആലപിച്ചു. തുടർന്ന്, ബിഷപ്പ് മാർക്കുസ്സോ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ ചെറിയറിന്റെ വിശ്വസ്തതയുള്ള സന്യാസ ജീവിതത്തെ അദ്ദേഹം സ്മരിച്ചു. ഭക്തിയുടെ ഒരു തിളക്കമാർന്ന ഉദാഹരണമാണ് സിസ്റ്റർ ചെറിയര്‍. കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പുപിതാവിന്‍റെയും കാൽച്ചുവടുകൾ പിന്തുടർന്ന് വിശുദ്ധ നാടിനെയും പ്രത്യേകിച്ച് നസ്രത്തിനെയും അവർ വളരെയധികം സ്നേഹിച്ചുവെന്ന് ബിഷപ്പ് മാർക്കുസ്സോ അനുസ്മരിച്ചു.

സെന്‍റ് ഫ്രാൻസിസിസ് നഴ്സിംഗ് ഹോമിലാണ് ശതാബ്ദി തികഞ്ഞ കന്യാസ്ത്രീ താമസിക്കുന്നത്. സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സിസ്റ്റർ കാമെലിയ ഖൗറിയുടെയും മറ്റ് കന്യാസ്ത്രീകളുടെയും ഒപ്പം എമ്മാവൂസിലെ ബിഷപ്പും ജെറുസലേമിലെ ഓക്സിലറി ബിഷപ്പുമായ ബൗലോസ് മാർക്കുസ്സോ നേരിട്ടെത്തി ആദരവ് കൈമാറുകയായിരിന്നു. വിശ്വാസത്തിനും സേവനത്തിനുമുള്ള അവരുടെ ആജീവനാന്ത സമർപ്പണത്തിനുള്ള അംഗീകാരമായാണ് സുപ്രധാന അവാർഡ് സിസ്റ്റർ ചെറിയർക്ക് നൽകിയതെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »