News - 2025

ആര്‍ച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ ചിലിയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ

പ്രവാചകശബ്ദം 17-03-2025 - Monday

വത്തിക്കാന്‍ സിറ്റി: കോട്ടയം വടവാതൂർ സ്വദേശിയായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ചിലിയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. മാർച്ച് 15 ശനിയാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അൾജീരിയയിലെയും ടുണീഷ്യയിലെയും അപ്പസ്തോലിക് ന്യൂണ്‍ഷോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ.

1966 ഓഗസ്റ്റ് 4 ന് കേരളത്തിലെ കോട്ടയം വടവാതൂരിൽ എം.സി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും ആദ്യത്തെ മകനായാണ് കുര്യൻ മാത്യു വയലുങ്കലിന്റെ ജനനം. സെന്റ് സ്റ്റാനിസ്ലോസ് മൈനർ സെമിനാരിയിൽ നിന്ന് മൈനർ സെമിനാരി പഠനവും ആലുവയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1991 ഡിസംബർ 27 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. 1998-ൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.

പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് നയതന്ത്ര പഠനവും പൂർത്തിയാക്കി. ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളിൽ പരിശുദ്ധ സിംഹാസനത്തിൻറെ അപ്പസ്തോലിക് കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുള്ള ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ പിന്നീട് പാപുവ ന്യുഗിനി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലും അപ്പസ്തോലിക് നുൺഷ്യോ ആയി പ്രവര്‍ത്തിച്ചിരിന്നു.


Related Articles »