News - 2025
യുക്രൈന്‍ പ്രസിഡന്‍റ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു
പ്രവാചകശബ്ദം 17-03-2025 - Monday
കീവ്: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും യുക്രൈന്‍ പ്രസിഡൻറ് വൊളൊഡിമിർ സെലൻസ്കിയും ഫോണിലൂടെ ചര്‍ച്ച നടത്തി. സാമൂഹ്യ മാധ്യമമായ 'എക്സ്'-ലൂടെ പ്രസിഡൻറ് സെലെൻസ്കി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താ വിതരണകാര്യാലയം പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ടെലിഫോൺ സംഭാഷണത്തിൽ താൻ പാപ്പയുടെ സുഖപ്രാപ്തി ആശംസിക്കുകയും യുക്രൈന്‍ ജനതയ്ക്കേകുന്ന ധാർമ്മിക പിന്തുണയ്ക്കും റഷ്യ അനധികൃതമായി നാടുകടത്തിയ യുക്രൈനിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും വത്തിക്കാന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡൻറ് സെലെൻസ്കീ 'എക്സ്'-ൽ കുറിച്ചു.
റഷ്യ തടങ്കലിലാക്കിയിരിക്കുന്നവരും റഷ്യൻ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരുമായ യുക്രൈന്‍ സ്വദേശികളുടെ പട്ടിക പരിശുദ്ധ സിംഹാസനത്തിന്റെ പക്കലുണ്ടെന്നും അവരുടെ മോചനത്തിനായുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡൻറ് സെലെൻസ്കി വ്യക്തമാക്കി. പരിശുദ്ധ സിംഹാസനത്തിന്റെ സ്വരം സമാധാനത്തിലേക്കുള്ള യാത്രയിൽ അതിപ്രധാനമാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. റഷ്യയും യുക്രൈനും തമ്മിലുള്ള നിരവധി തടവുകാരുടെ കൈമാറ്റ ചർച്ചകളിൽ പരിശുദ്ധ സിംഹാസനം മധ്യസ്ഥ ഇടപെടല്‍ നടത്തിയിരിന്നു. ഇറ്റാലിയൻ ബൊളോഗ്നയിലെ കർദ്ദിനാൾ മാറ്റിയോ സുപ്പിയെ യുക്രൈനായുള്ള തന്റെ സമാധാന ദൂതനായി നിയമിച്ചതും യുക്രൈനിലേക്ക് തുടര്‍ച്ചയായി സഹായമെത്തിച്ചതും രാജ്യത്തോടുള്ള ഫ്രാൻസിസ് പാപ്പയുടെ സ്നേഹത്തിന്റെ പ്രകടനമായിരിന്നു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
