News - 2025
മനുഷ്യരാശിയ്ക്കു വേണ്ടിയുള്ള യേശു ക്രിസ്തുവിന്റെ മഹത്തായ പദ്ധതി; ബഹിരാകാശത്ത് നിന്ന് മടങ്ങും മുന്‍പേ ബുച്ച് വില്‍മോര്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍
പ്രവാചകശബ്ദം 18-03-2025 - Tuesday
വാഷിംഗ്ടണ്‍ ഡി.സി: ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ബുച്ച് വിൽമോര്‍ പറഞ്ഞ വാക്കുകളില്‍ - തങ്ങളുടെ ദൗത്യം ഫലപ്രദമായാലും അല്ലെങ്കിലും വിശ്വാസത്തിന്റെ കണ്ണ് കൊണ്ട് അവയെ കാണാനുള്ള അടിയുറച്ച ബോധ്യം അവര്‍ ആര്‍ജ്ജിച്ചുവെന്ന് നിസംശയം പറയാന്‍ സാധിയ്ക്കും.
അരമണിക്കൂറോളം നീണ്ട അഭിമുഖത്തിനിടെ ശാസ്ത്രത്തിന്റെ വിജയ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ബുച്ച് വിൽമോര്‍ ഏറ്റുപറഞ്ഞത് യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമായിരിന്നു. ഒന്‍പത് മാസത്തെ ബഹിരാകാശത്തെ വാസം എന്തു ജീവിതപാഠമാണ് നല്‍കിയതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ലോകം ഉറ്റുനോക്കുന്ന ഈ നാസ ശാസ്ത്രജ്ഞന്‍റെ മറുപടി നിരീശ്വരവാദികള്‍ തിരിച്ചറിയേണ്ട സത്യ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരിന്നു. രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിനെയും അവിടുത്തെ മഹത്തായ പദ്ധതിയെയും വിശുദ്ധ ഗ്രന്ഥത്തെയും പ്രത്യേകം സൂചിപ്പിച്ചായിരിന്നു അദ്ദേഹത്തിന്റെ മറുപടി.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ, "സത്യസന്ധമായി നിങ്ങളോട് ഇതിന് മറുപടി പറയാന്‍ എനിക്കു കഴിയും, ഇതിനെക്കുറിച്ചുള്ള എന്റെ ചിന്ത എന്റെ വിശ്വാസത്തിലേക്ക് പോകുന്നു. അത് എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുന്ന് തന്റെ പദ്ധതിയും ലക്ഷ്യങ്ങളും മനുഷ്യരാശിയിലുടനീളം തന്റെ മഹത്വത്തിനായി പ്രവർത്തിക്കുന്നു. അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതുമാണ്. എന്നിരുന്നാലും, അത് സംഭവിക്കുന്നു".
"അവിടുന്ന് എല്ലാ കാര്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നതിനാൽ ഞാൻ സംതൃപ്തനാണ്. ചില കാര്യങ്ങൾ നല്ലതിനാണ്. ഹെബ്രായര്‍ 11-ാം അധ്യായത്തിലേക്ക് നോക്കുക. ചില കാര്യങ്ങൾ നമ്മൾക്കു വ്യത്യസ്തമായി തോന്നുന്നു. അത്ര നല്ലതായിരിക്കില്ല അത്. പക്ഷേ എല്ലാം അവിടുന്ന് നന്മയ്ക്കായി, വിശ്വസിക്കുന്നവർക്കായി പ്രവർത്തിക്കുന്നു, അതാണ് ഉത്തരം." - ബുച്ച് പറഞ്ഞു. "വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്" എന്ന്‍ തുടങ്ങുന്ന പൂര്‍വ്വികരുടെ വിശ്വാസത്തെ പറ്റിയാണ് ഹെബ്രായര്‍ 11-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ നീണ്ട ബഹിരാകാശ ദൗത്യം വിജയത്തില്‍ എത്തിയെന്ന് അനുമാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശയും അവനിലുള്ള വിശ്വാസവും ഏറ്റുപറഞ്ഞ ബുച്ച് വിൽമോറിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ ബഹിരാകാശ സന്ദേശം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങീയ പ്ലാറ്റ്ഫോമുകളില്‍ നിന്നായി ആയിരകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
