News - 2025
ബധിരര്‍ക്ക് വേണ്ടിയുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാന്‍ഡ് വേദിയാകും
പ്രവാചകശബ്ദം 20-03-2025 - Thursday
മേരിലാന്‍ഡ്; കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡിലെ സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയം വേദിയാകും. ഏപ്രിൽ 4 മുതൽ 6 വരെ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഏകദേശം 230 ബധിരരായ കത്തോലിക്ക വിശ്വാസികള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഒരുമിച്ച് പ്രാർത്ഥിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുമെന്ന് ലോകത്തിലെ തന്നെ ചുരുക്കം വരുന്ന ബധിര വൈദീകരില്‍ ഒരാളായ ഫാ. മൈക്ക് ഡെപ്സിക് പറഞ്ഞു.
ബാൾട്ടിമോർ അതിരൂപതയിൽ ബധിരരായ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയുടെ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. ഡെപ്സിക്, മേരിലാൻഡിന് അകത്തും പുറത്തും ബധിര കത്തോലിക്കാ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ബധിരരിൽ ഭൂരിഭാഗവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നില്ലെന്നും ബധിരർക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പ്രത്യേക ദിവ്യകാരുണ്യ കോൺഗ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ ആംഗ്യഭാഷയിൽ പരിമിതമായ സേവനങ്ങൾ മാത്രമായതിനാൽ ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കർ ഉൾപ്പെടെ 96% ബധിരരും ഒരു പള്ളിയിലും പോകുന്നില്ലായെന്ന് നിരവധി സ്ഥിതിവിവരക്കണക്കുകൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബധിര ദിവ്യകാരുണ്യ കോൺഗ്രസ് സവിശേഷമായ വിധത്തില്‍ പൂർണ്ണമായും ബധിര കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ബധിരർ, കേൾവിക്കുറവുള്ളവർ, അന്ധതയും കേള്‍വിക്കുറവും മൂലം ബുദ്ധിമുട്ടുള്ളവര്‍, ബധിര ശുശ്രൂഷയിൽ പ്രവർത്തിക്കുന്നവര്‍ തുടങ്ങിയവർ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നടക്കുന്നത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
