News

ജീവന്റെ സുവിശേഷം ഇടവകകളില്‍ വ്യാപിപ്പിക്കുവാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 21-03-2025 - Friday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ അമ്മമാരെ പിന്തുണയ്ക്കുന്നതിനുള്ള പരിപാടിയുടെ അഞ്ചാം വാർഷികത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള ഇടവകകളില്‍ ദുർബലരായ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പിന്തുണയും സഹായവും ലഭ്യമാക്കുന്നത് വ്യാപിപ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതി. "ജീവന്റെ സുവിശേഷം പ്രായോഗികമാക്കാന്‍" യുഎസ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (USCCB) ആഹ്വാനം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച Evangelium Vitae ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രികലേഖനത്തിന്‍റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്മമാരെ ചേര്‍ത്തുപിടിക്കുവാനാണ് സമിതിയുടെ തീരുമാനം.

വെല്ലുവിളികൾ നേരിടുന്ന ഗർഭിണികൾക്കും മക്കളെ വളര്‍ത്തുന്ന അമ്മമാർക്കും പിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഇടവക തോറുമുള്ള പരിപാടിയാണ് 'Walking with Moms in Need'. ഈ പദ്ധതി വ്യാപിപ്പിക്കുവാനും അങ്ങനെ ജീവന്റെ സുവിശേഷം പതിനായിരങ്ങളിലേക്ക് എത്തിക്കുവാനും ഇടപെടല്‍ നടന്നുവരികയാണ്. 2020-ൽ കൻസസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ആക്ടിവിറ്റികൾക്കായുള്ള കമ്മിറ്റിയുടെ ചെയർമാനായിരുന്നപ്പോൾ ആരംഭിച്ച പദ്ധതി വഴി ജീവന്റെ സുവിശേഷം അനേകര്‍ക്ക് പകരുവാന്‍ കഴിഞ്ഞിരിന്നു. പദ്ധതി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഒഹായോയിലെ ടോളിഡോയിലെ ബിഷപ്പും പ്രോലൈഫ് കമ്മറ്റിയുടെ അധ്യക്ഷനുമായ ഡാനിയേൽ തോമസ് ഓര്‍മ്മിപ്പിച്ചു.

ഒരു അമ്മയ്ക്ക് അർത്ഥവത്തായ വിഭവവും സഹായവും കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളാക്കി നമ്മുടെ ഇടവകകളെ മാറ്റാൻ പരിശ്രമിക്കണമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം പറഞ്ഞു. അമ്മയും അവളുടെ കുഞ്ഞും ഒറ്റയ്ക്കല്ലെന്ന് ബോധ്യപ്പെടുത്തേണ്ടതിന് വീരോചിതരായ വളണ്ടിയർമാർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ഇടവകകളിലും രൂപതകളിലും ശുശ്രൂഷ സ്ഥാപിക്കപ്പെടുന്നതിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ സന്ദേശം ഉപസംഹരിച്ചത്. അതേസമയം യു‌എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെതോടെ ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »