News
140 കോടി പിന്നിട്ടു: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്
പ്രവാചകശബ്ദം 22-03-2025 - Saturday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് വ്യക്തമാക്കിക്കൊണ്ട് വത്തിക്കാന്‍ പുറത്തുവിട്ട 2025-ലെ പൊന്തിഫിക്കൽ വാർഷിക പ്രസിദ്ധീകരണം. 2022-2023-ലെ കണക്കുകൾ പ്രകാരം കത്തോലിക്ക വിശ്വാസികളുടെ എണ്ണം 139 കോടിയിൽനിന്ന് 140 കോടിയായി ഉയര്‍ന്നതായി വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ, സ്ഥിതിവിവരക്കണക്കുകൾക്കായുള്ള ഓഫീസാണ് കഴിഞ്ഞ ദിവസം ഇവ പ്രസിദ്ധീകരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്ക സഭാവിശ്വാസികളുടെ എണ്ണത്തിൽ 1.15% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-ലെ ശതമാനക്കണക്കുകൾ പ്രകാരം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കത്തോലിക്കരുടെ വളർച്ച ഏറ്റവും ശക്തമായിട്ടുള്ളത്. ആഗോള കത്തോലിക്ക വിശ്വാസികളിലെ 20 ശതമാനവും വസിക്കുന്ന ആഫ്രിക്കയിൽ കത്തോലിക്കരുടെ എണ്ണം 27.2 കോടിയിൽനിന്ന് 28.1 കോടിയായി ഉയര്‍ന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യത്താണ് ഏറ്റവും കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഏതാണ്ട് അഞ്ചരക്കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. മൂന്നരക്കോടി കത്തോലിക്ക വിശ്വാസികളുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.
2023-ൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്ക സഭയിൽ 0.6% വളർച്ചയാണുണ്ടായിട്ടുള്ളത്. ആഗോളകത്തോലിക്കാസഭയിലെ 11% കത്തോലിക്കരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം കത്തോലിക്ക വിശ്വാസികളുള്ള ഫിലിപ്പീന്‍സും രണ്ടുകോടിയിലധികം (2.3) കത്തോലിക്ക വിശ്വാസികളുള്ള ഇന്ത്യയുമാണ് ഏഷ്യയിൽ ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങൾ. ഇതേ കാലയളവിൽ 47.8% കത്തോലിക്കരും വസിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരു ശതമാനത്തിൽ താഴെ വർദ്ധനവാണ് (0.9%) ഉണ്ടായിട്ടുള്ളത്. ബ്രസീലിൽ മാത്രം 18 കോടി കത്തോലിക്ക വിശ്വാസികളാണുള്ളത്. അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള 47.8% കത്തോലിക്കരിൽ 27.4 % പേരും തെക്കേ അമേരിക്കയിലും, 13% മദ്ധ്യഅമേരിക്കയിലും 6.6% വടക്കേ അമേരിക്കയിലുമാണുള്ളത്.
20.4% കത്തോലിക്കരും വസിക്കുന്ന യൂറോപ്പിൽ 2022-2023 കാലയളവിൽ 0.2% വളർച്ചയാണ് വിശ്വാസികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇറ്റലി, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഓഷ്യാനയില്‍ മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1.9% വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് 5430 മെത്രാന്മാരും, 406996 വൈദികരുമുണ്ടായിരുന്നു. 2023-ൽ കത്തോലിക്ക സന്ന്യാസിനികളുടെ എണ്ണം 589423 ആയിരുന്നുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
