News - 2025
മാർപാപ്പ വിശ്രമം തുടരുന്നു; കൂടിക്കാഴ്ചകള്‍ നടത്തുന്നില്ലായെന്ന് വത്തിക്കാന്‍
പ്രവാചകശബ്ദം 01-04-2025 - Tuesday
റോം: ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷവും ഫ്രാൻസിസ് മാർപാപ്പ വിശ്രമം തുടരുകയാണെന്നും ആരെയും കൂടിക്കാഴ്ചയ്ക്കു സ്വീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മീറ്റിംഗുകളോ പരിപാടികളിലോ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. വിശുദ്ധവാരത്തിലെയും ഈസ്റ്ററിലെയും തിരുക്കര്‍മ്മങ്ങളിലുള്ള പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ചു തീരുമാനിച്ചിട്ടില്ല. എന്നാൽ മാർപാപ്പയുടെ സ്ഥാനത്ത് ആരാധനാക്രമ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ കർദ്ദിനാളുമാരെ നിയമിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നും കർദ്ദിനാൾ വെളിപ്പെടുത്തി.
പാപ്പയ്ക്കും അദ്ദേഹത്തിന്റെ പൂർണ്ണമായ രോഗശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്ന ആളുകളിൽ നിന്ന് സന്ദേശ പ്രവാഹം ഇപ്പോഴും തുടരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിൻ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങൾ നടത്താനും സഭയെ നയിക്കാനും മടങ്ങിവരാനും കഴിയും. ഒരുപക്ഷേ മുന്‍പത്തെപ്പോലെ അല്ലായിരിക്കാം, അദ്ദേഹത്തിന് വ്യത്യസ്ത വഴികൾ കണ്ടെത്തേണ്ടിവരുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ കൂട്ടിച്ചേര്‍ത്തു.
ഫ്രാൻസിസ് മാർപാപ്പ ആരോഗ്യത്തില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും, ആൻറിബയോട്ടിക് ചികിത്സയും മോട്ടോർ, ശ്വസന തെറാപ്പിയും തുടരുന്നുണ്ടെന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാൻ അറിയിച്ചിരിന്നു. ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇത് ആശ്രയിക്കുന്നത് കുറച്ചുവരികയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ഫെബ്രുവരി 14 മുതല്‍ മുപ്പത്തിയെട്ട് ദിവസമാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞത്. ആശുപത്രി വാസത്തിന് ശേഷം രണ്ടു മാസത്തെ പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
