News - 2025

വിശുദ്ധവാരത്തില്‍ റോം സന്ദർശിക്കാൻ അമേരിക്കന്‍ വൈസ് പ്രസിഡന്റ്

പ്രവാചകശബ്ദം 02-04-2025 - Wednesday

റോം: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് റോം സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പദ്ധതിയിടുന്നുണ്ടെന്നു റിപ്പോര്‍ട്ട്. യാത്രയുടെ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലായെങ്കിലും ഏപ്രിൽ 18 ദുഃഖവെള്ളിയാഴ്ച റോമിൽ എത്താനും ഏപ്രിൽ 20 ന് ഈസ്റ്റർ ഞായറാഴ്ച വരെ റോമില്‍ ചെലവിടാനും വൈസ് പ്രസിഡന്റ് പദ്ധതിയിടുന്നതായി 'ബ്ലൂംബെർഗ്' ഇന്നലെ റിപ്പോർട്ട് ചെയ്തു. സന്ദർശനം സ്ഥിരീകരിക്കുന്ന കത്തിടപാടുകൾ കണ്ടതായും എന്നാൽ പദ്ധതികളിൽ മാറ്റം വരാമെന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി.

ജെ‌ ഡി വാൻസും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകോപിപ്പിക്കാൻ അമേരിക്കയിലെ നയതന്ത്രജ്ഞർ ശ്രമിച്ചിരുന്നു. സന്ദർശനം ഈസ്റ്റർ വാരാന്ത്യവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമല്ല. എന്നാല്‍ അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് തന്റെ വിശ്വാസത്തെ ശക്തമായി മുറുകെ പിടിക്കുന്ന നേതാവ് കൂടിയാണ്. വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള വൈസ് പ്രസിഡന്റിന്റെ തീരുമാനമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്.

ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചും ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്ന് പ്രഘോഷിച്ചും അദ്ദേഹം നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 20-ന് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍, ദൈവത്തിൻ്റ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നു വാന്‍സ് പറഞ്ഞിരിന്നു.