News - 2025

രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി ആഘോഷം നാളെ വത്തിക്കാനില്‍

പ്രവാചകശബ്ദം 04-04-2025 - Friday

വത്തിക്കാന്‍ സിറ്റി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന രോഗികളുടെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിയ്ക്കു വത്തിക്കാൻ ഒരുങ്ങി. ഏപ്രിൽ 5, 6 തീയതികളിലായി തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്ന് രോഗികളും, ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ഇരുപതിനായിരത്തോളം തീർത്ഥാടകരെത്തുന്ന പരിപാടി ജൂബിലിവർഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ഏഴാമത്തെ വലിയ പരിപാടിയായിരിക്കും. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട പ്രത്യേക അറിയിപ്പിൽ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വിഭാഗം അറിയിച്ചു.

ജൂബിലി ആഘോഷത്തില്‍ സംബന്ധിക്കുന്നവർക്ക് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8 മുതൽ വിശുദ്ധ വാതിൽ കടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ്, സാംസ്‌കാരിക, ആദ്ധ്യാത്മിക, കലാപരമായ സംഗമങ്ങൾ റോമിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും ഡിക്കാസ്റ്ററി വിശദീകരിച്ചു. വൈകുന്നേരം നാലുമണിക്ക് റോമിലെ സ്പാനിഷ് ചത്വരത്തിൽ, ഇറ്റലിയുടെ ആരോഗ്യവിഭാഗം മന്ത്രാലയം ഒരുക്കുന്ന ചടങ്ങുകളിൽ, ഡിക്കാസ്റ്ററി പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല, ആരോഗ്യമന്ത്രി ഒറാസിയോ ഷില്ലാച്ചി, റോം മേയർ റോബെർത്തോ ഗ്വാൽത്തിയേരി തുടങ്ങിയവർ സംബന്ധിക്കും.

റോമിലെ വിവിധ പരിപാടികൾക്കൊപ്പം വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഓഫീസിനടുത്തുള്ള വിശുദ്ധ മോനിക്കയുടെ ദേവാലയത്തിൽ വൈകുന്നേരം നാല് മുതൽ നടക്കുന്ന ചടങ്ങുകളിൽ, മെഡിസിൻ വിദ്യാർത്ഥിനിയായിരുന്ന വാഴ്ത്തപ്പെട്ട ബെനെദെത്ത ബിയാങ്കി പോറോയെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും, രോഗികൾക്കായുള്ള പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയായിരിക്കും ജൂബിലി ആഘോഷങ്ങൾ അവസാനിക്കുക. ആര്‍ച്ച് ബിഷപ്പ് ഫിസിക്കെല്ല മുഖ്യ കാർമ്മികനാകുന്ന ബലിയര്‍പ്പണത്തില്‍ ഫ്രാൻസിസ് പാപ്പ തയാറാക്കിയ സന്ദേശം വായിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.




Related Articles »