India - 2025

ജബൽപൂരിൽ ക്രൈസ്‌തവർക്കു നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

പ്രവാചകശബ്ദം 04-04-2025 - Friday

തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികര്‍ക്കും ക്രൈസ്‌തവർക്കു നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ഇടപെടാനും അക്രമികൾക്കെതിരേ കൃത്യമായ നിയമനടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകണം. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചതും അത്യന്തം ഹീനമാണ്.

മണിപ്പുരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ ഇനിയും തയാറായിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുന്ന സ മീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താൻ തയാറാവണം. ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടത്തെ സംസ്ഥാന സർക്കാരും കേന്ദ്രവും തയാറാവണം. ആക്രമിക്കപ്പെട്ട മലയാളി വൈദികരോട് കേരള സമൂഹത്തിന്റെ ഐക്യദാർഢ്യം അറിയിക്കുന്നതായും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.


Related Articles »