News - 2025

ടെക്സാസില്‍ അധ്യാപകർക്കു പ്രാർത്ഥിക്കാന്‍ അനുവാദം നല്‍കുന്ന ബിൽ പാസാക്കി

പ്രവാചകശബ്ദം 05-04-2025 - Saturday

ടെക്സാസ്: അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പൊതുവിദ്യാലയങ്ങളിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാനോ വിശ്വാസപരമായ പ്രസംഗത്തിൽ ഏർപ്പെടാനോ അനുവദിക്കുന്ന ബില്ല് ടെക്സാസിലെ നിയമനിർമ്മാതാക്കൾ പാസാക്കി. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ചേംബറിൽ 22-9 പാർട്ടി-ലൈൻ വോട്ടോടെ പാസാക്കിയ ബില്‍ 'SB 965' എന്നാണ് അറിയപ്പെടുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളില്‍ ഒരു ജീവനക്കാരന് ഡ്യൂട്ടിയിലായിരിക്കുമ്പോൾ വിശ്വാസപരമായ പ്രസംഗത്തിനോ പ്രാർത്ഥന നടത്തുന്നതിനോ ഉള്ള അവകാശം അതാത് വിദ്യാഭ്യാസ ജില്ലയോ സ്കൂളോ ഏതെങ്കിലും സംസ്ഥാന സർക്കാർ സ്ഥാപനമോ ലംഘിക്കരുതെന്നു അനുശാസിക്കുന്നതാണ് ബില്‍. റിപ്പബ്ലിക്കൻ സംസ്ഥാന സെനറ്റർ ടാൻ പാർക്കറാണ് നിയമനിർമ്മാണ ബില്‍ അവതരിപ്പിച്ചത്. 'SB 965' നിയമമായാല്‍ ഏതൊരു സ്കൂൾ ജീവനക്കാരനും വിദ്യാർത്ഥികളോടൊപ്പം പ്രാർത്ഥനയിലോ വചനവിചിന്തനത്തിലോ പങ്കുചേരാനും നേതൃത്വം നല്‍കാനും അവസരമുണ്ടാകും.

ബില്ലിനെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തിരിന്നു. പൊതു സ്കൂൾ ജീവനക്കാരുടെ മതസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന യു.എസ്. സുപ്രീം കോടതിയുടെ നിലപാടുമായി യോജിക്കുന്നതാണ് 'എസ്‌ബി 965' എന്ന് പാർക്കർ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈസ്തവ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്ന മറ്റ് ബില്ലുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കുവാനും സ്കൂൾ ദിവസങ്ങളിൽ പ്രാർത്ഥനയോ ബൈബിൾ വായനയോ അനുവദിക്കുവാനും അവസരം നല്‍കുന്ന ബില്ലുകള്‍ അവതരിപ്പിക്കാനാണ് സെനറ്ററുമാര്‍ നീക്കം നടത്തുന്നത്.