News - 2025
കുമ്പസാരിച്ച് വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 07-04-2025 - Monday
വത്തിക്കാന്‍ സിറ്റി: ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തുന്നതിന് മുന്‍പ് ഫ്രാന്‍സിസ് പാപ്പ കുമ്പസാരിക്കുകയും ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് തുറന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും ചെയ്തതായി വത്തിക്കാന്‍. രോഗികളുടെ ജൂബിലി ആഘോഷത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ കത്തോലിക്ക വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് പാപ്പ കുമ്പസാരിച്ചത്. ചത്വരത്തിലെ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിച്ച പാപ്പ അല്‍പ്പസമയം പ്രാര്‍ത്ഥനയില്‍ മുഴുകി. പിന്നീടാണ് വിശുദ്ധ വാതിലിലൂടെ പ്രവേശനം നടത്തിയത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിമൂന്നാം തീയതിയാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്. ഇതിന് ശേഷം പൊതുവായ പരിപാടികളിലോ പരസ്യമായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലോ പാപ്പ പങ്കെടുത്തിരിന്നില്ല. ആശുപത്രി വിട്ടു രണ്ടാഴ്ചയ്ക്കു ശേഷമാണ് പാപ്പ ഇന്നലെ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയത്. രോഗികളുടെ ജൂബിലിയോട് അനുബന്ധിച്ചുള്ള സമാപന ബലിയില്‍ പാപ്പ വിശ്വാസികളെ അഭിവാന്ദ്യം ചെയ്തിരിന്നു.
