News
ബിഷപ്പ് ജോസ് ഡി സഹഗുൻ; ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ്
പ്രവാചകശബ്ദം 08-04-2025 - Tuesday
മെക്സിക്കോ സിറ്റി: നിലവില്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്ന കത്തോലിക്ക മെത്രാന്മാരില്‍ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് എന്ന ഖ്യാതി 103 വയസ്സുള്ള മെക്സിക്കൻ ബിഷപ്പിന് സ്വന്തം. കത്തോലിക്ക സഭയുടെ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷിയായി മെക്സിക്കൻ ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗുൻ ഡി ലാ പാരയാണ് ശ്രദ്ധ നേടുന്നത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പും, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ നിയമിച്ച ജീവിച്ചിരിക്കുന്നവരില്‍ അവസാനത്തെ ബിഷപ്പുമാണ് അദ്ദേഹം.
1922 ജനുവരി ഒന്നിനു മിക്കോവാക്കൻ സംസ്ഥാനത്തെ ചെറിയ മുനിസിപ്പാലിറ്റിയായ കോട്ടീജയിലാണ് അദ്ദേഹം ജനിച്ചത്. 1946 മെയ് 26-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. പൗരോഹിത്യ പട്ടം സ്വീകരിച്ച് പതിനഞ്ച് വർഷത്തിന് ശേഷം, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ ഹിഡാൽഗോ സംസ്ഥാനത്തെ പുതുതായി സൃഷ്ടിക്കപ്പെട്ട ടുല രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കുകയായിരിന്നു. 24 വർഷക്കാലം, അദ്ദേഹം രൂപതയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു.
1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ ലാസറോ കാർഡെനാസ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു. ഹിഡാൽഗോയിൽ സേവനമനുഷ്ഠിച്ച അതേ സമർപ്പണത്തോടെ, വളർന്നുവരുന്ന പ്രദേശത്തെ വിശ്വാസി സമൂഹത്തെ മേയിക്കാൻ അദ്ദേഹം തന്റെ ജന്മനാടായ മിക്കോവാക്കനിലേക്ക് മടങ്ങി. 1993 വരെ അദ്ദേഹം അവിടെ തുടർന്നു. 1993 മെയ് 3-ന് വിരമിച്ച ബിഷപ്പിന് 2022 ജനുവരിയിൽ 100 വയസ്സ് തികഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത നിലവില്‍ ജീവിച്ചിരിക്കുന്ന നാല് ബിഷപ്പുമാരിൽ ഒരാളാണ് അദ്ദേഹം.
