News
ഒരു മണിക്കൂറില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു; കോട്ടയ്ക്കുപുറം ദേവാലയം തീര്‍ത്തത് പുതുചരിത്രം
പ്രവാചകശബ്ദം 08-04-2025 - Tuesday
അതിരമ്പുഴ: ബൈബിൾ പകർത്തി എഴുതുന്നതില്‍ പുതുചരിത്രം സൃഷ്ടിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അതിരമ്പുഴ കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ദേവാലയം. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മഹാ ജുബിലി വർഷാചരണത്തിന്റെ ഭാഗമായി ആയിരത്തോളം ഇടവകാംഗങ്ങൾ ഒന്നിച്ചു നിന്നപ്പോൾ ഒരു മണിക്കൂറിനുള്ളിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയതാണ് ചരിത്രമായി മാറിയിരിക്കുന്നത്. വചനത്തിന്റെ വെളിച്ചം എന്നര്‍ത്ഥമുള്ള സുറിയാനി പദമായ 'മെൽസാദ് നുഹ്റ' എന്ന പേരിൽ കോട്ടയ്ക്കുപുറം സെന്‍റ് മാത്യുസ് പള്ളിയിൽ നടത്തിയ പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ വിശ്വാസികള്‍ ഒരുഹൃദയവും ഒരു ആത്മാവുമായി ഒന്നിച്ചുകൂടുകയായിരിന്നു.
ആറു വയസ്സ് മുതൽ 84 വയസ്സു വരെയുള്ളവർ ബൈബിൾ പകർത്തിയെഴുതാൻ ഒന്നു ചേർന്നിരുന്നു. ഇടവകയിലെ വൈദികർ ചേർന്ന് വചനം എഴുതി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിശ്വാസികൾ എല്ലാവരും ഓരോ അധ്യായം വീതം എഴുതി. ചിലർ ഒന്നിലധികം അധ്യായങ്ങള്‍ എഴുതി. ഒരു മണിക്കുറിനുള്ളിൽ 1334 അധ്യായങ്ങൾ പൂർത്തിയാക്കി. ശാരീരിക അസ്വസ്ഥതകൾ മൂലം പള്ളിയിൽ എത്തിച്ചേരാൻ കഴിയാത്ത ഇരുന്നൂറിലധികം മുതിർന്നവർ വീടുകളിൽ ഇരുന്നും ബൈബിൾ പകർത്തിയെഴുതിയെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതുവാന്‍ ഓരോരുത്തരും ബൈബിള്‍ കൊണ്ടുവന്നിരിന്നു.
1074 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പഴയ നിയമവും 260 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമവും ഒരു മണിക്കുറിനുള്ളിൽ പൂര്‍ത്തീകരിക്കുകയായിരിന്നു. മഹാജൂബിലി വര്‍ഷത്തിന്റെ കേന്ദ്രമെന്നത് ദൈവവചനമാണെന്നും വചനത്തിലേക്ക് തിരികെപോകുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമാണ് വിശുദ്ധ ഗ്രന്ഥം എഴുതുന്ന ഉദ്യമത്തിന് പ്രചോദനമായതെന്നും രണ്ടുമാസമായി ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നുണ്ടായിരിന്നുവെന്നും തോമസ് തെക്കേമുറിയില്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം ചരിത്രം കുറിച്ച് ഒരുമണിക്കൂര്‍ക്കൊണ്ട് എഴുതി തീര്‍ത്ത കോട്ടയ്ക്കുപുറം സെന്‍റ് മാത്യുസ് പള്ളി ദൃശ്യ മാധ്യമങ്ങളില്‍ ഇടം നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്.
