News
അമേരിക്കയിലെ ബധിര കത്തോലിക്കരുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
പ്രവാചകശബ്ദം 09-04-2025 - Wednesday
മേരിലാന്‍റ്: അമേരിക്കയിലുടനീളമുള്ള കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡില്‍ ഒരുമിച്ച് കൂടിയത് ഇരുനൂറിലധികം പേര്‍. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യാനാപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബധിര കത്തോലിക്കാ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്. ഏപ്രിൽ 4-6 തീയതികളിൽ മേരിലാൻഡിലെ എമിറ്റ്‌സ്‌ബർഗിലുള്ള സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന പരിപാടി ബധിര സമൂഹത്തിനു വലിയ വിശ്വാസ അനുഭവമായി.
ആംഗ്യഭാഷയിലായിരുന്നു ആരാധന, കുർബാന, കുമ്പസാരം, കൂട്ടായ്മ തുടങ്ങീ എല്ലാ പരിപാടികളും ശുശ്രൂഷകളും നടന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ബധിര സമൂഹത്തിൽ നിന്നുള്ളവരെ കൂടുതൽ ആകർഷിക്കുന്നതിനാണ് ദിവ്യകാരുണ്യ കോൺഗ്രസ് രൂപകൽപ്പന ചെയ്തതെന്ന് ബധിര ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകയായ സിസ്റ്റർ കാത്‌ലീൻ മോണിക്ക ഷിപാനി പറഞ്ഞു.യുഎസിലെ ബധിര കത്തോലിക്കാ സമൂഹത്തിന് ഇടയില്‍ സേവനം ചെയ്യുന്ന പത്തില്‍ താഴെ ബധിര പുരോഹിതന്മാരാണ് ഉള്ളത്. ബാൾട്ടിമോർ അതിരൂപതയിൽ ബധിരരായ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയുടെ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. ഡെപ്സിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) പരിമിതമായ സേവനങ്ങൾ ലഭ്യമായതിനാൽ 96% ബധിരരും പള്ളിയിൽ പോകുന്നില്ലെന്ന് സർവേയില്‍ കണ്ടെത്തിയതായി ഡെപ്സിക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. പരിപാടി ഏറെ അനുഗ്രഹീതമായിരിന്നുവെന്ന് ഫിലാഡൽഫിയ അതിരൂപതയുടെ ബധിര അപ്പസ്തോലേറ്റിലെ ചാപ്ലയിനും അമേരിക്കൻ ആംഗ്യഭാഷയിൽ പ്രാവീണ്യവുമുള്ള ഫാ. സീൻ ലൂമിസ് പറഞ്ഞു. ബധിരർ, കേൾവിക്കുറവുള്ളവർ, അന്ധതയും കേള്‍വിക്കുറവും മൂലം ബുദ്ധിമുട്ടുള്ളവര്‍, ബധിര ശുശ്രൂഷയിൽ പ്രവർത്തിക്കുന്നവര്‍ തുടങ്ങിയവർ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് പരിപാടി നടന്നത്.
