India - 2025
പുതിയ മദ്യനയം; സര്‍ക്കാര്‍ ജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണി മുഴക്കുകയാണെന്ന് ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്
പ്രവാചകശബ്ദം 11-04-2025 - Friday
മാവേലിക്കര: ഡ്രൈ ഡേകളിൽ പ്രത്യേക ലൈസൻസ് ഫീസ് ഈടാക്കി, മദ്യം വിളമ്പാൻ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അനുമതി നൽകുന്ന, 2025-2026 സാമ്പത്തിക വർഷത്തേക്ക് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
നിലവിലുള്ള ഒന്നാം തീയതിയിലെ മദ്യനിരോധനം മദ്യമുതലാളിമാർക്ക് വേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിൻ്റേത്. ഘട്ടം ഘട്ടമായി മദ്യലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടുവരുവാൻ പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ മദ്യനയം മൂലം പൊതുജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണി മുഴക്കുകയാണ്.
യുവതലമുറയെ ഭീതിജനകമായ വിധം നശിപ്പിക്കുന്ന മദ്യ-മയക്കുമരുന്ന് വിപത്തിന് ഒത്താശ നൽകുകയാണ് പുതിയ മദ്യനയം. സംസ്ഥാനത്തിന്റെ വിഭവ ശേഷി വർദ്ധിപ്പിക്കുവാൻ ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട സർക്കാർ സംവിധാനം മദ്യവ്യാപനത്തിന് കുട്ട് നിൽക്കുന്നത് അത്യന്തം ആപൽക്കരമാണെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
