India - 2025
ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് ഇത്തവണയും പോലീസ് അനുമതി നിഷേധിച്ചു
പ്രവാചകശബ്ദം 14-04-2025 - Monday
ന്യൂഡൽഹി: ഡൽഹി അതിരുപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച്‌ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു. എല്ലാവർഷവും ഓശാന ഞായറാഴ്‌ച അതിരൂപതയുടെ നേതൃത്വത്തിൽ ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കടന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ അവസാനിക്കുന്ന തരത്തിൽ ദൃശ്യാവിഷ്കാരത്തോടെ കുരിശിന്റെ വഴി നടത്താറുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാലും നഗരത്തിൽ ഗ താഗതക്കുരുക്ക് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കുരിശിൻ്റെ വഴി നടത്താൻ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും സമാനമായി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാന ത്തു നിലനിന്നിരുന്ന സുരക്ഷാനടപടികളുടെ ഭാഗമായാണ് അന്ന് അനുമതി നിഷേധിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമുതൽ 6.30 വരെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടത്താനായിരുന്നു വിശ്വാസികളുടെ തീരുമാനം. എന്നാൽ പോലീസ് ഇടപെട്ടതിനെ ത്തുടർന്ന് ഉച്ചകഴിഞ്ഞു 3.30ന് ആരംഭിച്ച് 4.30 ഓടെ കത്തീഡ്രലിനു സമീപമുള്ള സെന്‍റ് കൊളംബസ് സ്‌കൂൾ ഗ്രൗണ്ടിൽ കുരിശിന്റെ വഴി പൂർത്തിയാക്കി.
നിശ്ചയിച്ചതു പോലെ കുരിശിന്റെ വഴി നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് കുരിശിന്റെ വഴിക്കു മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിൽ ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ പറഞ്ഞു. പോലീസിന്റെ തീരുമാനം അംഗീകരിക്കുന്നതായി സേക്രഡ് ഹാർട്ട് കത്തീഡ്രൽ ഇടവക വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പ്രതികരിച്ചു.പോലീസ് അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ദിവസത്തെ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച ഘോഷയാത്രയ്ക്കും പോലീസ് അനുമതി നിഷേധിച്ചിരിന്നു.
