News

വിശുദ്ധ കുര്‍ബാന ധര്‍മ്മത്തിന് വാണിജ്യ സ്വഭാവമരുത്, വിവിധ നിയോഗങ്ങളുമായി ബലിയര്‍പ്പിക്കുന്നതിന് നിബന്ധനകള്‍: പുതിയ ഡിക്രിയുമായി വത്തിക്കാന്‍

പ്രവാചകശബ്ദം 15-04-2025 - Tuesday

വത്തിക്കാന്‍ സിറ്റി: തിരുസഭയിൽ വിശുദ്ധ കുര്‍ബാന ധര്‍മ്മം (കുർബാനപ്പണം) സംബന്ധിച്ച് കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുവാനും വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ പുതിയ ഡിക്രി പുറത്തിറക്കി. നിലവിലുള്ള ചട്ടങ്ങൾ പുതുക്കുന്ന ഈ പുതിയ ഡിക്രി ഈസ്റ്റര്‍ ദിനത്തില്‍ പ്രാബല്യത്തില്‍ വരും. വിശുദ്ധ കുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകിവന്നിരുന്ന കുർബാനപ്പണം തുടർന്നും നൽകാമെങ്കിലും, ഇതിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങൾ എടുത്തുപറയുന്നു.

പാവപ്പെട്ടവരുടെ നിയോഗങ്ങൾക്കായി കുർബാനപ്പണം കൈപ്പറ്റാതെ വിശുദ്ധ ബലിയർപ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരോട് ആഹ്വാനം ചെയ്യുന്നുണ്ട്. വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് ഇനിമുതൽ കൂടുതൽ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു എന്ന് ഡിക്കാസ്റ്ററി ഓർമ്മിപ്പിക്കുന്നു. ഇത്തരം കുർബാനകളിലേക്ക് പണം സ്വീകരിക്കുമ്പോൾ, വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും, അവരുടെ സ്വതന്ത്ര്യമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു.

വിശുദ്ധ കുർബാനയർപ്പണത്തിനായി സംഭാവന നൽകുന്ന വിശ്വാസികൾ, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധബലിയോട് ചേരുകയും, അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും, സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നൽകുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രി ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധ കുർബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നൽകുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അർപ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധ ബലിയർപ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രിക്ക് പിന്നിലുണ്ട്.

കുർബാനയുടെ നിയോഗാർത്ഥം സംഭാവന സ്വീകരിക്കുമ്പോൾ, അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും, അതനുസരിച്ചുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ മെത്രാന്മാർക്കും വികാരിമാർക്കുമുള്ള കടമയെയും ഡിക്രി പരാമർശിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ഡിക്കാസ്റ്ററി പ്രീഫെക്ട് കർദ്ദിനാൾ യു ഹെവുങ് സിക്, സെക്രട്ടറി ആർച്ച് ബിഷപ്പ് അന്ത്രെസ് ഗബ്രിയേൽ ഫെറാദ മൊറെയ്റ എന്നിവർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച പുതിയ ഡിക്രി ഏപ്രിൽ 20 ഈസ്റ്റർദിനത്തിൽ പ്രാബല്യത്തിൽ വരും.




Related Articles »