News
യുദ്ധത്തിന്റെ ഭീഷണിയിലും ജെറുസലേമിലെ ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത് നാലായിരത്തോളം തീര്‍ത്ഥാടകര്‍
പ്രവാചകശബ്ദം 15-04-2025 - Tuesday
ജെറുസലേം: വിശുദ്ധ നാടിനെ ആശങ്കയുടെ മുള്‍മുനയിലാക്കി നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ - ഹമാസ് യുദ്ധത്തിനിടെയിലും ഒലിവ് മലയിൽ നിന്ന് പഴയ ജറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായറാഴ്ച പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് ആയിരകണക്കിന് തീര്‍ത്ഥാടകര്‍. മഴ ഭീഷണിയായിരിന്നെങ്കിലും നാലായിരത്തോളം തീര്‍ത്ഥാടകര്‍ പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നു. ജെറുസലേമിൽ നിന്നും ഗലീലിയിൽ നിന്നുമുള്ള ക്രൈസ്തവരും, വെസ്റ്റ് ബാങ്കിൽ നിന്നുള്ള വിശ്വാസികളും, വിദേശ നയതന്ത്രജ്ഞരും, എൻജിഒ ജീവനക്കാരും, വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരും, പ്രവാസി തൊഴിലാളികളുമായിരുന്നു ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത്. ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.
ഇത്തവണ ഓശാന ഞായര്‍ പ്രദിക്ഷണം അത്ര സന്തോഷകരമല്ലായെന്ന കാര്യം അറിഞ്ഞുക്കൊണ്ട് തന്നെയാണ് കൗമാരക്കാരായ കുട്ടികളെയും ഭാര്യയെയും ചേര്‍ത്തു താന്‍ പങ്കെടുത്തതെന്ന് നസ്രത്തിൽ നിന്നുള്ള ബാട്രിസ് പറഞ്ഞു. സാഹചര്യം പ്രതികൂലമാണെങ്കിലും ശുഭപ്രതീക്ഷ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ധാരാളം തീർത്ഥാടകർ ഉണ്ടായിരുന്നപ്പോൾ അത് കൂടുതൽ സന്തോഷകരമായിരുന്നു. പത്ത് വർഷം മുമ്പ് ഈ റോഡുകൾ നിറഞ്ഞു കവിഞ്ഞിരിന്നു. എപ്പോഴും പ്രതീക്ഷ നിലനിർത്തുകയും സാഹചര്യം മെച്ചപ്പെടുമെന്ന് വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടകരെ നയിക്കുവാന്‍ ഇത്തവണയും ക്രിസ്ത്യൻ സ്കൗട്ട്സ് സംഘം മുന്‍നിരയിലുണ്ടായിരിന്നു. യുദ്ധ പശ്ചാത്തലത്തില്‍ ബാൻഡ് ഉപകരണങ്ങൾ വായിക്കാതെ സ്തുതിഗീതങ്ങൾ ആലപിച്ചുക്കൊണ്ടായിരിന്നു പ്രദിക്ഷണം. ഈന്തപ്പനയുടെ ഓലകൾ വീശി തീർത്ഥാടകർ ജറുസലേമിലെ ഒലിവ് പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ദേവാലയമായ ബെത്ഫാഗിൽ നിന്ന് അസെൻഷൻ മൊണാസ്ട്രിയിലേക്കും അവിടെ നിന്ന് ഗെത്സമേന്‍ തോട്ടത്തിലൂടെ കടന്നു പഴയ നഗരത്തിലും എത്തി. ലയൺസ് ഗേറ്റിനടുത്തുള്ള സെന്റ് ആൻ പള്ളിയിലാണ് ഓശാന പ്രദിക്ഷണം സമാപിച്ചത്. യുദ്ധത്തിന്റെ ഭീഷണികള്‍ക്കിടയിലും വിശുദ്ധവാരത്തില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ക്രൈസ്തവര്‍.
